മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അരക്കോടിയോളം രൂപ തട്ടി കേസ് പോലീസ് വിജിലൻസ് അന്വേഷിക്കും

‘അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം’ എന്ന വിശേഷണത്തോടെ നടത്തുന്ന മൃഗശാലയിൽ മിണ്ടാപ്രാണികളുടെ പേരിൽ ഗുരുതരമായ ക്രമക്കേടുകളാണ് അരങ്ങേറിയിരുന്നത്. 135 മ്ലാവുകൾക്കു പകരം 158 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്നു റജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നു പറഞ്ഞാണു തുക എഴുതിയെടുത്തത്.

0

കോഴിക്കോട് | എറണാകുളം ജില്ലയിലെ കോടനാട് കപ്രിക്കാട് മിനി മൃഗശാലയിൽ മ്ലാവുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടി അരക്കോടിയോളം രൂപ തട്ടിയ കേസിലെ അന്വേഷണം പൊലീസ് വിജിലൻസിനു കൈമാറാൻ വനം വകുപ്പ് തീരുമാനം. രേഖകൾ നശിപ്പിച്ചതായും വ്യാപകമായ കൃത്രിമങ്ങൾ നടത്തിയതായും വ്യക്തമായതിനെ തുടർന്നാണ് തുടരന്വേഷണം വിജിലൻസിനു കൈമാറുന്നത്.‘അനാഥമൃഗങ്ങൾക്ക് അഭയ കേന്ദ്രം’ എന്ന വിശേഷണത്തോടെ നടത്തുന്ന മൃഗശാലയിൽ മിണ്ടാപ്രാണികളുടെ പേരിൽ ഗുരുതരമായ ക്രമക്കേടുകളാണ് അരങ്ങേറിയിരുന്നത്. 135 മ്ലാവുകൾക്കു പകരം 158 എണ്ണത്തിനെ സംരക്ഷിക്കുന്നുണ്ടെന്നു റജിസ്റ്ററിൽ രേഖപ്പെടുത്തി ഓരോന്നിനും പ്രതിമാസം 8300 രൂപ വീതം തീറ്റയ്ക്കായി ചെലവഴിക്കുന്നുണ്ടെന്നു പറഞ്ഞാണു തുക എഴുതിയെടുത്തത്. പുതുതായി ചുമതലയേറ്റ റേ‍ഞ്ച് ഓഫിസർ മ്ലാവുകളെ േനരിട്ട് എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് 2019 മുതൽ തുടങ്ങിയ കണക്കിലെ കളികൾ വ്യക്തമായത്. മൃഗശാലയിൽ സൂക്ഷിക്കേണ്ട റജിസ്റ്റർ പ്രളയത്തിൽ നഷ്ടപ്പെട്ടു പോയി എന്നായിരുന്നു ആദ്യ ഘട്ട വിശദീകരണം. എന്നാൽ, ഈ ഭാഗങ്ങളിൽ പ്രളയം ഉണ്ടായത് 2018 ഓഗസ്റ്റിലാണ്. അതിനു ശേഷമുള്ള റജിസ്റ്ററുകളും ലഭ്യമാക്കിയിട്ടില്ല.

സാമ്പത്തിക തട്ടിപ്പും വെളിപ്പെട്ടിട്ടുള്ളതിനാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടരാനും ശുപാർശ ചെയ്ത് വനം വിജിലൻസ് അന്തിമ റിപ്പോർട്ട് നൽകും.എറണാകുളം വനം ഫ്ളയിങ് സ്ക്വാഡ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ തന്നെ തട്ടിപ്പു വ്യക്തമായിരുന്നു. കീഴ്ജീവനക്കാരെക്കൊണ്ടു വ്യാജ മൊഴികൾ പറയിപ്പിച്ചും നിർണായക റജിസ്റ്ററുകൾ പ്രളയത്തിൽ നശിച്ചു പോയെന്നു പറഞ്ഞുമാണ് തട്ടിപ്പിനു ചുക്കാൻ പിടിച്ച വനം ഉദ്യോഗസ്ഥർ രക്ഷപ്പെടാൻ ശ്രമിച്ചത്. ബിൽ വൗച്ചറുകളിൽ വ്യാപകമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ജീവനക്കാരിയുടെ കയ്യക്ഷരത്തിലാണു തിരുത്തലുകൾ. ഇവരെ ചോദ്യം ചെയ്തപ്പോൾ, ഉന്നതരുടെ താൽപര്യപ്രകാരമാണു തിരുത്തിയത് എന്നായിരുന്നു മൊഴി.

ക്രമക്കേടുകൾ നടത്തിയ രീതികളെക്കുറിച്ചും ഗൂഢാലോചനയിൽ പുറമേ നിന്നുള്ളവരുടെ പങ്കിനെക്കുറിച്ചും വനം വിജിലൻസിന്റെ മാത്രം അന്വേഷണം പര്യാപ്തമാകില്ല എന്ന നിഗമനത്തോടെയാണു പൊലീസ് വിജിലൻസിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്. സർക്കാർ അനുമതി ലഭിച്ചാലുടൻ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

മ്ലാവുകളുടെ ജനന റജിസ്റ്ററിൽ വ്യാപകമായ തിരുത്തലുകളുണ്ട്. കുഞ്ഞുങ്ങൾ ജനിച്ചതായി 2019 ജൂലൈ മുതൽ നവംബർ വരെയുള്ള റജിസ്റ്ററിൽ എഴുതിച്ചേർത്തു. പ്രായമേറിയവ ചത്തതായും രേഖകളുണ്ടാക്കി. പക്ഷേ, ഇതിന്റെ കാർബൺ പകർപ്പിൽ അങ്ങനെ രേഖകളില്ല. കയ്യക്ഷരം മാറിയതും വ്യക്തമാണ്. വനം കൺസർവേറ്ററും വിജിലൻസ് അഡീഷനൽ പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററും കടുത്ത നടപടികളാണു ശുപാർശ ചെയ്തിരിക്കുന്നത്.

You might also like