ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും

കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്

0

തിരുവനന്തപുരം: 95 കി.മീ വേഗതയോടെ ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത മൂന്ന് മണിക്കൂറില്‍ പൂര്‍ണ്ണമായും കരയില്‍ പ്രവേശിക്കും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിച്ചത് . ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സൗത്ത് ഒഡീഷയിലും ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും പല ഭാഗങ്ങളിലായി നേരിയ മഴയില്‍ തുടങ്ങിയ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ട്. തെലങ്കാനയിലും ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിശക്ത മഴയില്‍ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ട് പോകുമെന്നും മുന്നറിയിപ്പുണ്ട്

ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവാത്താൽ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അ‍ലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.

മണിക്കൂറിൽ 50 കീ മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും കേരളാതീരത്ത് മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതും വിലക്കിയിട്ടുണ്ട്. നാളെയും ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.

ഗുലാബിൻ്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്തംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അത് ഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി മേഖലകളിലും മാലിദ്വീപ് പ്രദേശത്തും സമാനമായ കാലാവസ്ഥ ആയിരിക്കും

You might also like

-