നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്

0

കൊച്ചി: കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തവർ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ. എറണാകുളം സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. ബിലാൽ, വിപിൻ എന്നിവരാണ് പിടിയിലായത്. മുംബെെ അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് ഇവരെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. കൊല്ലം സ്വദേശിയായ ഡോക്ടർക്കും ആസൂത്രണത്തിൽ പങ്കുണ്ടെന്ന് ക്രൈബ്രാഞ്ച് പറയുന്നു. പിടിയിലായവരില്‍ നിന്ന് ക്യത്യത്തിനുപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. പിന്നാലെ താനാണ് കൃത്യത്തിന് പിന്നിലെന്ന് അവകാശപ്പെട്ട് രവി പൂജാരി ഒരു സ്വകാര്യ ടി വി ചാനലിൽ വിളിച്ചിരുന്നു. നടി ലീന മരിയ പോളിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിർത്തതെന്നുമാണ് ക്രൈംബ്രാ‌ഞ്ചിന്‍റെ കണ്ടെത്തൽ.