പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനെ അറസ്റ്റ്ചെയ്തു

അടുത്തമാസം ഡല്‍ഹി കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം.

0

ഡല്‍ഹി| പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയിലാണ് ആസിഫിന്റെ അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. അനുമതിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍, ആസിഫ് മുഹമ്മദ് അക്രമാസക്തനാകുകയും എസ്‌ഐയോട് മോശമായി പെരുമാറുകയുമായിരുന്നെന്ന് ഡല്‍ഹി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തമാസം ഡല്‍ഹി കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല്‍ ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇടപെട്ടത്. ആസിഫ് മുഹമ്മദിനൊപ്പം രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആംആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള്‍ പൊലീസ് ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം.ഡല്‍ഹി കോര്‍പറേഷനിലെ 250 വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ നാലിനാണ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

You might also like