സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും

ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്

0

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഉടന്‍ ഇന്ത്യക്ക് കൈമാറിയേക്കും. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.ഫൈസല്‍ ഫരീദ് ദുബൈ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഫൈസൽ ഫരീദിന്‍റെ പാസ്പോർട്ട് റദ്ദാക്കിയ കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് യുഎഇ ഫൈസൽ ഫരീദിന് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതും. ഇന്‍റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. എപ്പോള്‍ ഫൈസലിനെ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, വ്യാജ രേഖകളുടെ നിർമാണം, കള്ളക്കടത്തിൽ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസൽ ഫരീദിനെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയർന്നു വന്നപ്പോൾ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസൽ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. അഭിഭാഷകരുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല.
അതേസമയം സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻ എ ഐ സംഘം ചോദ്യം ചെയ്തേക്കും. കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും തലസ്ഥാനത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എൻഐഎയ്ക്ക് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക.

You might also like

-