അനുമോദന ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പരസ്യമായി ശാസിച്ച സംഭവം

കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയുമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മണ്ണാർക്കാട് | മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പരസ്യമായി ശാസിച്ച സംഭവം വിവാദമാകുന്നു. എ പ്ലസ് നേടിയവരെ ആദരിക്കാൻ സംഘടിപ്പിച്ച ‘വിജയോത്സവം’ പരിപാടിയിലാണ് സംഭവം.
കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയുമായിരുന്നു. പരിപാടിയിൽ പങ്കെടുത്ത കുട്ടികളോട് അക്ഷരമറിയില്ലേ എന്ന് ചോദിക്കുന്നതും അഡ്രസ് തെറ്റിച്ചു എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ചെവിയിൽ നുള്ളുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
മണ്ണാർക്കാട് നഗരസഭയുടെ 19, 20, 22 വാർഡുകളിലെ എസ് എസ് എൽസി, പ്ലസ് ടു വിജയികൾക്കായി സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ടി. ജലീൽ. ചടങ്ങിൽ ഹിന്ദിയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തി മാതാപിതാക്കളുടെ പേരും വിലാസവും ഹിന്ദിയിൽ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ, “എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ? അക്ഷരമറിയില്ലേ?” എന്ന് ചോദിച്ച് സദസ്സിന് മുന്നിൽ വെച്ച് കുട്ടികളെ ശാസിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു എന്നാണ് ആരോപണം.

അതേസമയം, താൻ കുട്ടികളെ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും തെറ്റുകൾ തിരുത്താൻ മാത്രമാണ് ശ്രമിച്ചതെന്നുമാണ് കെ.ടി ജലീലിന്റെ ന്യായീകരണം. മുൻ മന്ത്രിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്ന് എംഎസ്എഫ് കുറ്റപ്പെടുത്തി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാകില്ല. തോറ്റമ്പിയ രാഷ്ട്രീയക്കാരന്റെ നിരാശ തീർക്കേണ്ടത് പാവം വിദ്യാർത്ഥികളുടെ നെഞ്ചത്തല്ലെന്നും എംഎസ്എഫ് ചൂണ്ടിക്കാട്ടി. കുട്ടികളോട് കാണിച്ച ഈ ക്രൂരതയ്ക്ക് പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും പരസ്യമായി മാപ്പുപറയാൻ കെ.ടി. ജലീൽ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വേദിയിൽ വെച്ച് വിദ്യാർത്ഥികളെ ശാരീരികമായിക്കൂടി കൈകാര്യം ചെയ്ത മുൻ മന്ത്രിക്കെതിരെ ബാലാവകാശ കമ്മീഷൻ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

You might also like

-