ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി

0

തിരുവനന്തപുരം| ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്.

ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത് എന്നാണ് പരാതിയിൽ അലക്സ് വി ചാണ്ടി ആരോപിച്ചത്. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയെന്നും അലക്സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഇളയ മകൾ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണ്. അതിനാലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന സമുന്നതനായ രാഷ്ട്രീയ നേതാവിന് ആവശ്യമായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. ചികിത്സയ്ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അലക്‌സ് ചാണ്ടി ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചായിരുന്നു ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയത്. തനിക്ക് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നു.

You might also like

-