നടിയെ ആക്രമിച്ച കേസിൽ മാധ്യമ വാർത്തകൾ വിലക്കണം ദിലീപിന്റെ ഹർജി ഹൈക്കോടതിയിൽ

വിചാരണ പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാനിരിക്കെ പുതിയ വെളിപ്പെടുത്തൽ എന്നരീതിയിൽ ഒരു സ്വകാര്യാ ചാനൽ കേസുമായി ബന്ധപ്പെടുത്തി ബാലചന്ദ്രകുമാറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത നടപടി ഹർജിയിൽ ദീലീപ് ചോദ്യം ചെയ്യുന്നുണ്ട് .

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ മാധ്യമ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനെ വിചാരണക്കോടതി വിലക്കിയിരുന്നു .വിചാരണ പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാനിരിക്കെ പുതിയ വെളിപ്പെടുത്തൽ എന്നരീതിയിൽ ഒരു സ്വകാര്യാ ചാനൽ കേസുമായി ബന്ധപ്പെടുത്തി ബാലചന്ദ്രകുമാറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത നടപടി ഹർജിയിൽ ദീലീപ് ചോദ്യം ചെയ്യുന്നുണ്ട് .ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ നടത്തി തനിയ്ക്കെതിരെ ജനവികാരം ഉണ്ടാക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നു. കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികൾ പൂർത്തിയാകുവരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയെ എതിർത്ത് നടി കേസിൽ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാൻ സമയം അനുവദിക്കണമെന്ന് നടി കോടതിയിൽ അഭ്യർത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.

You might also like

-