“ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ വിടില്ലെന്നും “ഡൽഹി ഹൈ കോടതി രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണ്

കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തിയേ മതിയാവൂ എന്ന് നിർദ്ദേശിച്ചു. പ്രാണവായു കിട്ടാനില്ലാതെ രാജ്യം ശ്വാസം മുട്ടുമ്പോൾ കൊവിഡ് വ്യാപനം അതി തീവ്രമാവുകയാണ്.

0

ഡൽഹി : ഓക്സിജൻ പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു കടുത്ത നിലപാടുമായി ഡൽഹി ഹൈ കോടതി ഓക്സിജൻ വിതരണത്തിന് തടസം നിൽക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും ആരേയും വെറുതെ വിടില്ലെന്നും കോടതി പറഞ്ഞു. രാജ്യത്തേത് കൊവിഡ് തരംഗമല്ല സുനാമിയാണെന്ന് പറഞ്ഞ കോടതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ നടത്തിയേ മതിയാവൂ എന്ന് നിർദ്ദേശിച്ചു. പ്രാണവായു കിട്ടാനില്ലാതെ രാജ്യം ശ്വാസം മുട്ടുമ്പോൾ കൊവിഡ് വ്യാപനം അതി തീവ്രമാവുകയാണ്.

ഓക്‌സിജൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ മഹാരാജ അഗ്രസെൻ ആശുപത്രിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. രണ്ടാം തരംഗം ഇപ്പോഴും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടില്ല. മെയ് പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കരുതുന്നത്. അതിനെ നേരിടാൻ എന്ത് തയ്യാറെടുപ്പാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും കോടതി ചോദിച്ചു. വരും ആഴ്ചകളിൽ കോവിഡ് കേസുകൾ അതിവേഗം ഉയരാൻ സാധ്യതയുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കാനല്ല, മറിച്ച് ഏറ്റവും മോശമായ അവസ്ഥയ്ക്ക് തയ്യാറായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. 480 മെട്രിക്ക് ടൺ ഓക്‌സിജൻ ലഭിച്ചെല്ലെങ്കിൽ ആരോഗ്യ സംവിധാനം പാടെ തകരുമെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. രൂക്ഷമായ വിമർശനങ്ങളാണ് ഓക്‌സിജന് അപര്യാപ്തതയില് കേന്ദ്ര സർക്കാരിനെതിരെ കോടതി നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തി നാല്‍പത്തിയാറായിരത്തി എഴുനൂറ്റി എണ്‍പത്തിയാറ് പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് ബാധിച്ചു.തുടര്‍ച്ചയായി മൂന്നാം ദിവസവും മൂന്ന് ലക്ഷത്തിന് മുകളിലാണ് പ്രതിദിന വര്‍ധന. മഹാരാഷ്ട്ര, ദില്ലി, കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ രോഗവ്യാപന തീവ്രതയില്‍ ഒരു കുറവുമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പ്രതിദിന മരണ നിരക്ക് നാലാംദിവസവും രണ്ടായിരത്തിന് മുകളില്‍ തുടരുമ്പോള്‍ 24 മണിക്കൂറിനിടെ 2624 പേര്‍ കൂടി മരിച്ചു. രോഗവ്യാപനം തീവ്രമായതോടെ ഒരാഴ്ചക്കിടെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം കാല്‍ക്കോടി പിന്നിട്ടത്. ഇതോടെ ആശുപത്രികളിലെ സാഹചര്യം കൂടുതല്‍ വഷളായി. രാജ്യതലസ്ഥാനത്തെ രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്‍റെ ബ്രിട്ടണ്‍ വകഭേദമാണെന്നാണ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണ്ടെത്തല്‍.അതേസമയം, ഓക്സിജൻ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുന്നു. വീടുകളിലെ രോ​ഗികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദില്ലിയടക്കം ഉത്തരേന്ത്യയിലെ പലയിടങ്ങളിലും വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ഓക്സിജന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി ഇന്നും പരിഗണിച്ച ദില്ലി ഹൈക്കോടതി ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനും ദില്ലി സര്‍ക്കാരിനും ഒളിച്ചോടാനാവില്ലെന്ന് വ്യക്തമാക്കി.

You might also like

-