തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി കോടികളുടെ കുഴൽപ്പണം കേരളത്തിലേക്ക് ഒഴുക്കി ?തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്

കൊടകരയിൽ കുഴൽപ്പണത്തിലെ മൂന്നരക്കോടി കൊളളയടിക്കപ്പെട്ടത് ഗൗരവമേറിയ സംഭവമാണെന്നും അന്വേഷണം വേണമെന്നും വിജയരാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു.

0

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കോടികളുടെ കുഴൽപ്പണം കേരളത്തിലേക്കൊഴിക്കിയത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ്. സംഭവത്തിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദളും പരാതി നൽകി. മലബാറിൽ നിന്ന് മധ്യകേരളത്തിലേക്ക് റോഡുമാർഗ്ഗം പണമെത്തിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പിന് മൂന്നുദിവസം മുമ്പ് കുഴൽപ്പണമായി കോടികൾ കേരളത്തിലേക്കൊഴുകിയെന്ന വാർത്തകൾക്ക് തൊട്ടുപുറകെയാണ്, ജനവിധി അട്ടിമറിക്കാൻ ബിജെപി നേതൃത്വം നൽകിയെന്ന ആരോപണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ തന്നെ രംഗത്തെത്തിയത്.

കൊടകരയിൽ കുഴൽപ്പണത്തിലെ മൂന്നരക്കോടി കൊളളയടിക്കപ്പെട്ടത് ഗൗരവമേറിയ സംഭവമാണെന്നും അന്വേഷണം വേണമെന്നും വിജയരാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. പാലക്കാട്ടും സമാന സംഭവം നടന്നെന്നുമാണ് എൽഡിഎഫ് കൺവീനറുടെ ആരോപണം. കോഴിക്കോട് എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് ലോക് താന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ പരാതി നൽകിയത്. തെരഞ്ഞെടുപ്പിൽ കളളപ്പണമൊഴുക്കന്നത് ജനാധിപത്യത്തെ തക‍ർക്കുന്നതായതിനാൽ നിയമ നടപടിവേണമെന്നാണ് ഇ ഡി ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത് .