മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനൊരുങ്ങി ക്രൈംബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു തുടങ്ങി.

മരടിലെ ഹോളി ഫെയ്‍ത്ത് ബിൽഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. എല്ലാ ഫ്ലാറ്റ് നിര്മ്മാതാക്കളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കം തുടങ്ങി.

0

കൊച്ചി: മരട് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാൻ സത്വര നീക്കമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ആദ്യ പടിയായി ഹോളി ഫെയ്‍ത്ത് ബിൽഡേഴ്‍സിന്‍റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. നാലു ഫ്ലാറ്റ് നിർമാതാക്കളുടെയും മുഴുവൻ സ്വത്തുക്കളും കണ്ടെത്താനാണ് റവന്യു രജിസ്‌ട്രേഷൻ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പരിശോധനകൾ ക്രൈംബ്രാഞ്ച് തുടങ്ങിയിരിക്കുന്നത്.
ക്രൈംബ്രാഞ്ചിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സംയുക്തയോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു.ജില്ലാ കളക്ടർ എസ് സുഹാസ്, പൊളിക്കലിന്‍റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ, ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ തീരുമാനമെടുത്തത്.

ഹോളി ഫെയ്‍ത്ത്, ജെയിൻ ബിൽഡേഴ്‍സ്, ആൽഫാ വെഞ്ചേഴ്‍സ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് നിര്മാതാക്കളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാൻ റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങി. ഇതിന്‍റെ പടിയായിട്ടാണ് ഹോളി ഫെയ്‍ത്തിന്‍റെ 18 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചത്. ഗോൾഡൻ കായലോരം ഫ്ലാറ്റ് നിര്മാതാവിനെതിരെ സ്വമേധയാ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
തുടർനടപടികൾ തീരുമാനിക്കാൻ ഇന്ന് റവന്യൂ വകുപ്പിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്തയോഗം ഇന്നും കൊച്ചിയിൽ കൊച്ചിയിൽ ചേരുന്നുണ്ട്. സ്വത്ത് വകകൾ കണ്ടുകെട്ടുന്നതുനു പുറമെ മറ്റെന്തെല്ലാം നടപടികൾ വേണമെന്നു തീരുമാനിക്കാനുമാണ് ഇന്നത്തെ യോഗം. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ കടുത്ത നടപടികളി ലേക്ക് നീങ്ങനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നേരത്തെ അറസ്റ്റിലായ ഫ്ലാറ്റ് നിർമാതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ മരട് പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ അഷ്‌റഫ്‌, ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.കേസില്‍ പ്രതി ചേര്‍ത്ത ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെ പിടികൂടാനുള്ള ശ്രമവും ക്രൈംബ്രാഞ്ച് ഊര്ജിതപ്പെടുത്തിയിട്ടുണ്ട്.

You might also like

-