ജി സുധാകരനും ഭീക്ഷണിയുമായി സി പിഎം . സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാക്കും
നീർക്കുന്നം സ്‌കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ തുറന്ന പോരിൻ്റെ തുടർച്ചയിലായിരുന്നു സുധാകരന്റെ ഓഫീസിലേക്കുള്ള സിപിഎം പ്രതിഷേധം. ഔദ്യോഗിക വേദികൾ പോലും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപമാനിക്കാൻ സുധാകരൻ ഉപയോഗിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ആലപ്പുഴ| അമ്പലപ്പുഴ എംഎൽഎ ജി സുധാകരന് താക്കീതുമായി സിപിഎം. പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്നാണ് താക്കീത്. രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സുധാകരൻ സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർപറഞ്ഞു .ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനങ്ങൾ കൈകാര്യം ചെയ്യുമെന്നും ജി സുധാകരന് സിപിഎം ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നൽകി. എന്നാല്‍, സുധാകരനെതിരായ സിപിഎം നീക്കം സിപിഎം പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ സി വേണുഗോപാൽ എംപി മറുപടി പറഞ്ഞു. അതിനിടെ പൊതിച്ചോറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിൽ സുധാകരൻ മലക്കം മറിഞ്ഞു.
നീർക്കുന്നം സ്‌കൂളിൽ കഴിഞ്ഞ ദിവസമുണ്ടായ തുറന്ന പോരിൻ്റെ തുടർച്ചയിലായിരുന്നു സുധാകരന്റെ ഓഫീസിലേക്കുള്ള സിപിഎം പ്രതിഷേധം. ഔദ്യോഗിക വേദികൾ പോലും പാർട്ടിയെയും പാർട്ടി നേതാക്കളെയും അപമാനിക്കാൻ സുധാകരൻ ഉപയോഗിക്കുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. സുധാകരനോടുള്ള അവധാനതയോടെയുള്ള പ്രതികരണം ദൗർബല്യമായി കാണരുതെന്നും സിപിഎം നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സുധാകരനെ തെരുവിൽ വിചാരണ ചെയ്യാനുള്ള സിപിഎം നീക്കം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന് പിന്തുണയുമായി കെസി വേണുഗോപാൽ എംപി അടക്കം കോൺഗ്രസ് നേതാക്കളും രംഗത്തെത്തി.
ഇതിനിടയിലാണ് മെഡിക്കൽ കോളജിൽ വിവിധ സംഘടനകളുടെ പൊതിച്ചോറ് വിതരണം നിർത്തിവയ്ക്കണമെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്താവന സുധാകരൻ തിരുത്തിയത്. പൊതിച്ചോറ് വിതരണം നിർത്തണമെന്ന് പറഞ്ഞിട്ടില്ലെന്നും മെഡിക്കൽ കോളേജിനുള്ളിൽ വെച്ച് പാചകം ചെയ്യുന്നതിന് പകരം പുറത്ത് പാചകം ചെയ്ത് എത്തിക്കണം എന്നാണ് താൻ പറഞ്ഞതെന്ന് സുധാകരൻ വിശദീകരിച്ചു. ഓരോ സംഘടനയുടെയും ബാനറിൽ ഭക്ഷണം വിതരണം നടത്തി ആശുപത്രി പരിസരം മത്സരവേദി ആക്കരുത് എന്നാണ് ഉദ്ദേശിച്ചതെന്നും സുധാകരൻ ന്യായീകരിക്കുന്നു. ചോദ്യം ചോദിച്ച സിപിഎം പാർട്ടി ചാനൽ കൈരളി ലേഖകനെ സുധാകരൻ വർഗീയവാദിയെന്ന് വിളിച്ചതും വിവാദമായിട്ടുണ്ട്.അതേസമയം സിപിഎം ജില്ലാ സെക്രട്ടറി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട നേതാവാണെന്നും ജനപിന്തുണ തിരിച്ചു കൊണ്ടുവരാനുള്ള ബൗദ്ധികമായ കഴിവോ കായികമായ ശക്തിയോ ഇല്ലാത്തയാളാണ് ജില്ലാ സെക്രട്ടറിയെന്നും സുധാകരൻ പറഞ്ഞു,തന്നെ കൈകാര്യം ചെയ്തോളൂ. ജനങ്ങൾ സിപിഎമ്മിനെ കൈകാര്യം ചെയ്തു കഴിഞ്ഞു. ഇനി തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിൻറെ ഉത്തരവാദി സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും ജി സുധാകരൻകൂട്ടിച്ചേർത്തു .