മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ വാക്സിൻ നവംബറില്‍; പ്രതീക്ഷയിൽ രാജ്യം, 2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന.

പരീക്ഷണം കഴിഞ്ഞ് 42ാം ദിവസം ഫലമറിയാം. ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കും.

0

ഡൽഹി :മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാൽ കോവിഡ് വാക്സിൻ ഇന്ത്യയില്‍ നവംബറില്‍ വിപണിയിലെത്തും. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഇന്നലെ കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു. പരീക്ഷണം കഴിഞ്ഞ് 42ാം ദിവസം ഫലമറിയാം. ദേശീയ രോഗപ്രതിരോധ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭിക്കും. പൊതുവിപണിയിൽ ആയിരം രൂപയിൽ താഴെ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.

ഓക്സ്ഫഡ് വാക്സിൻ രണ്ടുഘട്ടങ്ങൾ വിജയകരമായതിനെത്തുടർന്ന് മനുഷ്യരിലുള്ള പരീക്ഷണത്തിൻറെ അവസാനഘട്ടം ഇന്ത്യയിൽ നടത്താനാണ് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിനോട് അനുമതി തേടിയത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ സിറവുമായി ഓക്സ്ഫെഡ് സർവകലാശാല ഉൽപ്പാദനക്കരാർ ഒപ്പിട്ടിരുന്നു. രോഗവ്യാപനം അതിരൂക്ഷമായ പുണെ, മുബൈ നഗരങ്ങളിലാകും മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിക്കുകയെന്നാണ് പ്രതീക്ഷയെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.പരീക്ഷണം വിജയിച്ചാല്‍ പ്രായമായവർക്കും രോഗസാധ്യതയേറിയവർക്കുമായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുക. പ്രതിമാസം 10കോടി വരെ വാക്സിൻ ഉൽപാദിപ്പിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പദ്ധതിയെന്നും പുരുഷോത്തമൻ നമ്പ്യാർ പറഞ്ഞു.

2021 ന് മുമ്പ് കൊവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.എല്ലാവർക്കും തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ചഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാൻ പറഞ്ഞു.

You might also like

-