കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും കൂടിക്കാഴ്ച നടത്തി
ഈ സഖ്യകക്ഷികളുടെ കൂടിക്കാഴ്ചയ്ക്ക് കൂടുതൽ കാഷ്വൽ ആയ ഒരു ഭാവം നൽകിക്കൊണ്ട് ഇരുവരും കപ്പുച്ചിനോയും ടിരമിസുവും കുക്കീസുമൊക്കെ ഓർഡർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഡൽഹി |ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യും. ചെന്നൈയുടെ പ്രാന്തപ്രദേശമായ നീലങ്കരയിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി വിജയ് രാഹുൽ ഗാന്ധിയെ സ്വീകരിച്ചത്. ഏകദേശം ഒരു മണിക്കൂറോളം ഒന്നിച്ചു ചെലവഴിച്ച ശേഷം രണ്ട് നേതാക്കളും സമീപത്തുള്ള ഒരു കഫേയിലേക്ക് പോയി. അവിടെയുണ്ടായിരുന്നവരുടെയും ഫോട്ടോഗ്രാഫർമാരുടെയും ശ്രദ്ധ ആകർഷിക്കുന്നതായിരുന്നു ഇവരുടെ ഇടപെടലുകൾ.ഈ സഖ്യകക്ഷികളുടെ കൂടിക്കാഴ്ചയ്ക്ക് കൂടുതൽ കാഷ്വൽ ആയ ഒരു ഭാവം നൽകിക്കൊണ്ട് ഇരുവരും കപ്പുച്ചിനോയും ടിരമിസുവും കുക്കീസുമൊക്കെ ഓർഡർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ചുറ്റും ആളുകൾ കൂടിയതോടെ രാഹുലും വിജയും അവരുമായി സംസാരിക്കുകയും, ചിലർ ഇരുവരോടുമൊപ്പം സെൽഫികൾ എടുക്കുകയും ചെയ്തു. ഈ സൗഹൃദപരമായ അടുപ്പം പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി മാറുകയും
ആ കൂടിക്കാഴ്ച വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.തുടർന്ന് രാഹുൽ ഗാന്ധി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് തിരിച്ചു. ശനിയാഴ്ച വൈകുന്നേരം ഐലൻഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന തന്റെ യുവജന ഔട്ട്റീച്ച് പ്രോഗ്രാമായ ‘ഛാത്രോൺ കി ഗൂഞ്ച്’ (Chhatron Ki Goonj) എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം ചെന്നൈയിൽ എത്തിയത്. തമിഴ്നാട്ടിലുടനീളം പ്രചരിപ്പിച്ച വെബ്‌സൈറ്റ് വഴിയും ക്യു.ആർ കോഡുകൾ വഴിയും ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു,ഒക്ടോബർ 6-ന് മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി.വി.കെ നേതൃത്വത്തിലുള്ള മുന്നണി വിജയം നേടിയതിന് പിന്നാലെയാണ് രാഹുലും വിജയിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. രണ്ട് പാർട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തൂക്കുസഭ വന്നതിനെത്തുടർന്ന് വിജയിയുടെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നപ്പോൾ കോൺഗ്രസ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഡി.എം.കെയുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ചാണ് കോൺഗ്രസ് ഈ നിലപാട് സ്വീകരിച്ചത്.