രണ്ടു വയസുകാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയുടെ തിരോധാനവുമായി ബുധനാഴ്ച വരെ മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പോലീസുമായി സഹകരിക്കാൻ ഇവർ തയാറായിരുന്നില്ല. ഇവരുടെ മറ്റു കുട്ടികളെ മദിര കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്‍റ് കസ്റ്റഡിയിലെടുത്തു

0

കലിഫോർണിയ: രണ്ടു വയസുകാരന്‍റെ ജഡം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സെൻട്രൽ കലിഫോർണിയ സിറ്റി അധികൃതർ അറിയിച്ചു.ജൂലൈ 14ന് ഉറങ്ങാൻ കിടന്ന തദ്ദേയൂസ് എന്ന രണ്ടു വയസുകാരനെ രാവിലെ കാണാനില്ലെന്നാണ് മാതാപിതാക്കൾ പോലീസിനെ അറിയിച്ചത്. ഒരാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ കഡാവർ ഡോഗിന്‍റെ സഹായത്തോടെ അഗ്രികൾച്ചറൽ ഫയർ ഫിറ്റിൽ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് ചീഫ് ഡിനൊലൊസൻ പറഞ്ഞു.മരണവുമായി ബന്ധപ്പെട്ടു പിതാവ് സുഖ്ജിന്ദർ സ്രൺ , ഭാര്യ ബ്രിസിദ എന്നിവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുന്നു.

കുട്ടിയുടെ തിരോധാനവുമായി ബുധനാഴ്ച വരെ മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പോലീസുമായി സഹകരിക്കാൻ ഇവർ തയാറായിരുന്നില്ല. ഇവരുടെ മറ്റു കുട്ടികളെ മദിര കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്‍റ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കൾക്കുവേണ്ടി ഹാജരായ അറ്റോർണി നട്ടൽ കുട്ടിയുടെ തിരോധാനവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞിരുന്നത്.2015 ൽ ഇവരുടെ തന്നെ മറ്റൊരു കുഞ്ഞു ജനിച്ച് അധികം കഴിയും മുമ്പ് മരിച്ചിരുന്നു. ഈ മരണത്തിലും മാതാവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗൗരവമായ മെഡിക്കൽ പ്രശ്നങ്ങളാണു കുട്ടിയുടെ മരണമെന്നു തെളിഞ്ഞതിനെ തുടർന്ന് കേസിൽനിന്നും ഒഴിവാക്കിയിരുന്നതായി അറ്റോർണി പറഞ്ഞു. പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.