മമതയ്ക്ക് മുഖ്യമന്ത്രിയായി തുടരാനാകുമോ ? ഇന്നറിയാം ഭവാനിപൂരിൽ വോട്ടെണ്ണൽ

ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്

0

കൊൽക്കൊത്ത :പശ്ചിമ ബംഗാളിൽ ഭവാനിപൂരില്‍ ഉൾപ്പെടെ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ ഇന്ന്. ഭവാനിപൂരിൽ നിന്ന് ജനവിധി തേടിയ മമതാ ബാനർജിക്ക് മുഖ്യമന്ത്രി പദവി നിലനിർത്താൻ ജയം അനിവാര്യമാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തരംഗം അലയടിച്ചപ്പോഴും നന്ദിഗ്രാമിൽ മമത ബാനർജി പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥിയായി രംഗത്തിറങ്ങിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിക്ക് മുന്നിലാണ് അടിതെറ്റിയത്. തോൽവി വകവെയ്ക്കാതെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേറ്റു. എംഎൽഎ അല്ലാത്തവർക്കും മന്ത്രിയാകാം എന്ന ഭരണഘടന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയായത്. ആറു മാസത്തിനുള്ളിൽ നിയമസഭാ അംഗമായില്ലെങ്കിൽ പുറത്തുപോകേണ്ടിവരും. ഈ കാലപരിധി അടുത്ത മാസം അഞ്ചിനു അവസാനിക്കും. അതായത് ഇന്ന് ഫലം വരുമ്പോൾ മമതയ്ക്ക് വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഇല്ല.

കൃഷിമന്ത്രി ശോഭൻ ദേവ് എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലാണ് മമതയുടെ അങ്കം. ബിജെപിയിലെ പ്രിയങ്ക തിബ്രവാളും സിപിഎമ്മിലെ ശ്രീജീബ് ബിശ്വാസുമാണ് എതിരാളികൾ. 2011ലും 2016ലും മമതയെ വിജയിപ്പിച്ച ഈ മണ്ഡലം ദീദിയുടെ സ്വന്തം വീട് എന്നാണ് അറിയപ്പെടുന്നത്. പോളിംഗ് കുറഞ്ഞത് പോലും അനുകൂലമാണെന്ന് തൃണമൂൽ കരുതുന്നു. തുടർച്ചായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. ഭവാനിപൂർ കൂടാതെ സംസാർഗഞ്ച്, ജംഗിപൂർ മണ്ഡലങ്ങളിലെ ഫലവും ഇന്ന് പുറത്തു വരും. വോട്ടെണ്ണൽ കഴിയുന്നതു വരെ വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ 100 മീറ്ററിനുള്ളിൽ അഞ്ചിൽ കൂടുതൽ ആളുകളെ ഒത്തുചേരാൻ അനുവദിക്കില്ല. ഓരോ വോട്ടെണ്ണൽ കേന്ദ്രവും കനത്ത സുരക്ഷയിലാണ്.

You might also like

-