ലാറ്റിനൊ വോട്ടർമാരുടെ പിന്തുണ ട്രംപിനെന്ന് ഫ്ലോറിഡാ ലഫ്. ഗവർണർ

ഫ്ലോറിഡായുടെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഹിസ്‌പാനിക്ക് വനിതാ ലഫ്റ്റനന്റ് ഗവർണർ കൂടിയായ ജീനെറ്റ്, ലാറ്റിനോ വിഭാഗത്തിന്റെ ശക്തയായ നേതാവ് കൂടിയാണ്. ഫ്ലോറിഡായിൽ ലാറ്റിനോ വോട്ടുകൾ ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു

0

ജാക്സൺവില്ല : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ ഫ്ലോറിഡായിൽ ലാറ്റിനൊ വോട്ടർമാരുടെ ബഹുഭൂരിപക്ഷ പിന്തുണയും ഡൊണാൾഡ് ട്രംപിനാണെന്ന് ഫ്ലോറിഡാ ലഫ്റ്റനന്റ് ഗവർണർ ജീനെറ്റ് ന്യൂനസ് അഭിപ്രായപ്പെട്ടു.ഫ്ലോറിഡായുടെ ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഹിസ്‌പാനിക്ക് വനിതാ ലഫ്റ്റനന്റ് ഗവർണർ കൂടിയായ ജീനെറ്റ്, ലാറ്റിനോ വിഭാഗത്തിന്റെ ശക്തയായ നേതാവ് കൂടിയാണ്. ഫ്ലോറിഡായിൽ ലാറ്റിനോ വോട്ടുകൾ ജയപരാജയങ്ങളെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

പ്രസിഡന്റ് ട്രംപ് വാഗ്ദാനങ്ങൾ പാലിക്കുന്ന നേതാവാണെന്നും ലാറ്റിനോ വിഭാഗത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും ലാറ്റിനോ വിഭാഗം തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന നിലയിലേക്ക് കൊണ്ടുവരുന്നതിന് ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുമ്പോൾ ബൈഡൻ ഇതെല്ലാം അവഗണിക്കുകയാണെന്ന് ലഫ്റ്റനന്റ് ഗവർണർ കുറ്റപ്പെടുത്തി.

 

ഫ്ലോറിഡായിലെ 80 ശതമാനം കുടുംബങ്ങളുടെ ടാക്സ് വർധിപ്പിക്കുന്നതിനും പൊലീസിനെ ഡിഫണ്ട് ചെയ്യുന്നതിനും ശ്രമിക്കുന്ന ബൈഡന്റെ പ്രവർത്തനങ്ങൾ ലാറ്റിനൊ സമൂഹം അംഗീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

മുഖം നോക്കാതെ ലോകരാഷ്ട്രങ്ങളിലെ ഏകാധിപതികൾക്കുനേരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ട്രംപിന്റെ ധീരത പ്രത്യേകം അംഗീകരിക്കപ്പെടേണ്ടതാണെന്നും അവർ പറഞ്ഞു. ബൈഡന് ഇത്തരത്തിലുള്ള ഏകാധിപതികൾക്കെതിരെ ധീരമായ നടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു.