അയ്യായിരം കവിഞ്ഞ് കോവിഡ് ഇന്ന് 5376പേർക്ക് കോവിഡ് 20 മരണം

.പോസിറ്റീവാകുന്നവരില്‍ 10 വയസിന് താഴെയുള്ളവരും 60ന് മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തത്തവരുടെ എണ്ണവും കൂടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവരില്‍ രോഗം കൂടുന്ന സാഹചര്യമുണ്ട്

0


തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അയ്യായിരം കവിഞ്ഞ് കോവിഡ് കേസുകള്‍. ഇന്ന് 5376 പേ‍ർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 2590 പേ‍ർ ഇന്ന് രോ​ഗമുക്തി നേടി. 20 പേ‍രാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവിൽ ചികിത്സയിലാണ്.
രോ​ഗം ബാധിച്ചവരിൽ 99 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 51,200 സാമ്പിളുകള്‍ പരിശോധിച്ചു. ആശങ്കയുളവാക്കുന്ന വര്‍ധനവാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.പോസിറ്റീവാകുന്നവരില്‍ 10 വയസിന് താഴെയുള്ളവരും 60ന് മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തത്തവരുടെ എണ്ണവും കൂടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍ എന്നിവരില്‍ രോഗം കൂടുന്ന സാഹചര്യമുണ്ട്. രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വരെ വര്‍ധനക്ക് സാധ്യതയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

ജില്ല തിരിച്ചുള്ള കണക്ക് അനുസരിച്ച് തിരുവനന്തപുരം- 852, എറണാകുളം- 624, മലപ്പുറം- 512, കോഴിക്കോട്- 504, കൊല്ലം- 503, ആലപ്പുഴ- 501, തൃശൂർ- 478, കണ്ണൂർ- 365, പാലക്കാട്- 278, കോട്ടയം- 262, പത്തനംതിട്ട- 223, കാസർഗോഡ്- 136, ഇടുക്കി- 79, വയനാട്- 59 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകൾ ആയിരുന്നു. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വ‍ർധനാവാണ് ഇന്നുള്ളത്. തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ പോലെ തുടരുന്നു. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ധാരാളമായി രോഗം വരുന്നു. ഉറവിടം അറിയാത്ത കേസുകളും തിരുവനന്തപുരത്ത് ധാരാളമാണ്. 852 പേർക്കാണ് തലസ്ഥാനത്ത് രോഗം വന്നത്. ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ഐസൊലേഷൻ അനുവദിച്ചു. എന്നാൽ വീടുകളിൽ സൗകര്യം ഇല്ലാത്ത ചിലർ ഇതിന് തയ്യാറാവുന്നില്ല. അനാവശ്യമായ ആശങ്കയും ഭീതിയും ആണ് ഇതിനു കാരണം. ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി പാലിച്ച് ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ ആശങ്ക വേണ്ട.

ഹോം ഐസൊലേഷനിൽ കഴിയുന്നവരെ കൊവിഡ് കെയർ സെൻ്ററിലേക്കും വീട്ടിലേക്കും മാറ്റാൻ നാട്ടുകാരും കുടുംബക്കാരും നിർബന്ധിക്കുന്ന അവസ്ഥയും ഉണ്ട്. വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്നത് രോഗിക്ക് മാനസികമായി സമ്മർദ്ദം കുറയ്ക്കും. രോഗലക്ഷണം ഇല്ലാത്തവരും വീടുകളിൽ സൗകര്യം ഉള്ളവരും ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ രണ്ടാണ് ഗുണം. മാനസിക സമ്മർദ്ദം കുറയ്ക്കാം, കുടുംബത്തോടൊപ്പം നിൽക്കാം. ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യം രോഗലക്ഷണം ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്‍നം ഉള്ളവർക്കും ആയി ഉപയോഗപ്പെടുത്താം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് കൃത്യമായി മാർഗനിർദേശം നൽകിയിട്ടുണ്ട്, ഇതെല്ലാവരും പാലിക്കണം.

പത്തനംതിട്ടയിൽ റാന്നി, മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളെ സെക്കൻഡ് ലൈൻ ട്രീറ്റ്‍മെന്‍റ് സെൻ്ററായി ഉയർത്തി. പനി മറ്റ് ആരോഗ്യപ്രശ്നമുള്ളവർ ഗർഭിണികൾ എന്നിവരയൊണ് ഇവിടെ പാർപ്പിക്കുക. രോഗലക്ഷണം ഉള്ളവരെ അവരുടെ ഹെൽത്ത് ബ്ലോക്കിൽ പ്രവേശിപ്പിക്കും. കോട്ടയത്ത് മീനടം, പുതുപ്പള്ളി, നാട്ടകം എന്നിവടിങ്ങളിൽ രോഗ വ്യാപനം ശക്തമാണ്. ഈ മാസം അഞ്ചാം തിയതിക്ക് ശേഷം മീനടത്ത് 57 പേർക്കും നാട്ടകത്ത് 34 പേർക്കും പുതുപ്പള്ളിയിൽ 22 പേർക്കും രോഗം സ്ഥിരീകരിച്ചു.

ഏറ്റുമാനൂർ, കോട്ടയം മുൻസിപ്പാലിറ്റി, വാഴപ്പള്ളി കുമരകം എന്നിവിടങ്ങളിലും രോഗവ്യാപനം ശക്തമാണ്. എറണാകുളത്ത് ആകെ രോഗികൾ 12600 കടന്നു. 56 പേർ മരിച്ചു. ആരോഗ്യപ്രവർത്തകരർ, അതിഥി തൊഴിലാളികൾ, ഐഎൻഎച്ച് ഉദ്യോഗസ്ഥർ എന്നിവർ കൂടുതലായി രോഗികളായി. രോഗവ്യാപനം ഇരുപത് ശതമാനം വരെ കൂടാം എന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കി.

പ്ലാസ്മ തെറാപ്പിക്ക് ആവശ്യമായ മെഷീൻ കളമശ്ശേരി ആശുപത്രിയിൽ സ്ഥാപിച്ചു. തൃശ്ശൂരിൽ പരിശോധനയുടെ 8 മുതൽ 14 ശതമാനം പേർ വരെ പൊസീറ്റീവാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 32 ശതമാനമാണ് ടെസ്റ്റ് പൊസിറ്റവിറ്റി റേറ്റ്. പാലക്കാട് കൊടുവായൂരിൽ പച്ചക്കറി മാ‍ർക്കറ്റിൽ 40 പേ‍ർ പൊസീറ്റാവായി. 2486 പേ‍ർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് രോ​ഗികൾ കൂടുന്നതിനാൽ ചികിത്സാ സൗകര്യം വിപുലമാക്കി. ഡി ടൈപ്പ് ഓക്സിജൻ സിലിൻഡര്‍, ബാക്ക് സപ്പോ‍ർട്ടുള്ള കിടക്കകൾ എന്നിവ കൂടി സജ്ജമാക്കും. മഞ്ചേരി മെഡി.കോളേജിലെ നാല് വാ‍ർഡ് കൂടി കൊവിഡ് ഐസിയു ആക്കി അൻപത് ബെഡ് കൂടി സജ്ജമാക്കും. കണ്ണൂ‍‍ർ മെഡി.കോളേജ്, തലശ്ശേരി ജന ആശുപത്രി എന്നിവടിങ്ങളിൽ കൊവിഡ് രോ​ഗികൾക്കുള്ള സൗകര്യം വ‍ർധിക്കും.

കൂത്തുപ്പറമ്പ്, തള്ളിപ്പറമ്പ് ആശുപത്രികളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. കണ്ണൂ‍ർ ജില്ലാ ആശുപത്രിയിൽ നാൽപ്പത് കൊവിഡ് ബെഡുകൾ കൂടി സജ്ജമാകും. ടാറ്റയുടെ കൊവിഡ് ആശുപത്രി പൂ‍ർണമായി പ്രവ‍ർത്തന സജ്ജമാകും വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായി തുടരും. പ്രായം കുറഞ്ഞവരിൽ മരണസാധ്യത കുറവാണ്. എന്നാൽ രോ​ഗികളുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് മരണസംഖ്യയും ഉയരും. 0.1 ശതമാനം മരണസംഖ്യ ഉണ്ടായാൽ പോലും അതു അപകടകരമാണ്. പതിനായിരം പേ‍ർ പൊസീറ്റിവായാൽ പത്ത് പേരും ഒരു ലക്ഷം പേ‍ർക്ക് രോ​ഗം വന്നാൽ നൂറ് പേരും മരിക്കുന്ന അവസ്ഥയുണ്ടാവും.

രോ​ഗവ്യാപനം ശക്തമായ സാഹചര്യത്തിൽ ഈ അപകടം നാം മുൻകൂട്ടി കാണണം. സെപ്റ്റംബര്‍ 11 മുതൽ സംസ്ഥാനത്തെ സമരങ്ങളിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാ‍ർട്ടികളിലെ നേതാക്കൾക്കും പ്രവ‍ർത്തകർക്കും ഇതുവരെ കൊവി‍ഡ് സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 13 പേ‍ർക്ക് ഈ രീതിയിൽ കൊവിഡ് സ്ഥിരീകരിച്ചു. സമരത്തിൽ പങ്കെടുത്ത കൂടുതൽ പേ‍ർക്ക് രോ​​ഗബാധയുള്ളതായി സംശയിക്കുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരിൽ നിന്നും എത്ര പേ‍ർക്ക് പകർന്നുവെന്ന് വ്യക്തമല്ല.കൊല്ലം സിറ്റി 4, തിരുവനന്തപുരം സിറ്റി 4 എന്നിങ്ങനെ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ഇവരില്‍ നിന്ന് പകര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം പാലം

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലാരിവട്ടം പാലം പൊളിച്ചു പണിയും. നി‍ർമ്മാണ മേൽനോട്ടം ഏറ്റെടുക്കാം എന്ന് ഇ.ശ്രീധരൻ സമ്മതിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉടൻ നി‍ർമ്മാണം ആരംഭിക്കും. എട്ട് മാസം കൊണ്ട് പണി പൂർത്തിയാവും എന്നാണ് അദ്ദേഹം പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളൽ കണ്ടത് മൂലമാണ് സർക്കാർ വിദ​ഗ്ദ്ധ പരിശോധന പാലത്തിൽ നടത്തിയത്. തുടർന്ന് ഇ ശ്രീധരനേയും മദ്രാസ് ഐഐടിയേയും കൊണ്ട് പരിശോധന നടത്തിച്ചു അവരുടെ റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്.

കേവല പുനരുദ്ധാരണം കൊണ്ട് പാലത്തെ ശക്തിപ്പെടുത്താൻ സാധിക്കില്ലെന്നും സ്ഥായിയായ പരിഹാരം എന്ന നിലയിൽ പാലം പൊളിച്ചു പണിയുന്നതാണ് നല്ലതെന്നുമായിരുന്നു ശ്രീധരൻ്റെ നിർദേശം. ഈ രം​ഗത്തെ വിദ​ഗദ്ധനായ അദ്ദേഹത്തിൻ്റെ നി‍ർദേശം സർക്കാർ സ്വീകരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ചിലർ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. ഭാരപരിശോധന എന്ന നി‍ർദേശം ഹൈക്കോടതി അം​ഗീകരിച്ചു. എന്നാൽ ജനങ്ങളുടെ സുരക്ഷയെ കരുതി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിൻ്റെ വാദം സുപ്രീംകോടതി അം​ഗീകരിച്ചു. നഷ്ടപ്പെട്ട മാസങ്ങൾ അല്ലെങ്കിൽ ഒരു വ‍ർഷത്തോളം നഷ്ടപ്പെട്ടു.

എന്നാൽ ഇനിയങ്ങോട്ട് സമയബന്ധിതമായി പാലം നിർമ്മാണം പൂർത്തിയാക്കും. സംസ്ഥാന ചരിത്രത്തിലെ അപൂർവ്വ സംഭവമാണ് പാലം നിർമ്മാണത്തിലെ അഴിമതി. ഇതേക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. ന​ഗ്നമായ അഴിമതിയാണ് പാലം നിർമ്മാണത്തിൽ നടന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. യുഡിഎഫ് കാലത്തെ പല അഴിമതികളിൽ ഒന്നു മാത്രമാണിത്. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നത് നാടിൻ്റെ ഉത്തരവാ​ദിത്തമായി കാണുന്നു.

ഈ സർക്കാർ ഒരോ പദ്ധതിയും ​ഗുണനിലവാരം ഉറപ്പാക്കിയും ആധുനിക സാങ്കേതികവിദ്യയുടെ സാഹയത്തോടേയും ആണ് പൂർത്തിയാക്കുന്നത്. സർക്കാരിൻ്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് പല പദ്ധതികളും നടപ്പാക്കുന്നു. വയനാട് – കോഴിക്കോട് ബദല്‍ പാത ഇതിലൊന്നാണ്. നിലവിൽ താമരശ്ശേരി ചുരം വഴിയാണ് ഇതു വഴിയുള്ള ​ഗതാ​ഗതം. മോശം കാലാവസ്ഥയിൽ ഈ പാതയിലൂടെ ​ഗതാ​ഗതം തടസപ്പെടുന്ന അവസ്ഥയുണ്ട്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്. ബദല്‍ പാത എന്നത് ഈ മേഖലയിൽ നിന്നുള്ളവരുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. നിലവിലെ പാത വനം വകുപ്പിൻ്റെ സ്ഥലത്തിലൂടെ കടന്നു പോകുന്നതായതിനാൽ അവയുടെ വികസനം വലിയ വെല്ലുവിളിയാണ്. അതിനാൽ തുരങ്കപ്പാത വലിയ സാധ്യതയാണ്.