കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന് ലോക്സഭയിൽ അവതരിപ്പിക്കും

രാജ്യത്തെ കാർഷിക മേഖല സമ്പൂർണമായി ഉദാരവത്കരിക്കുന്നതാണ് ഈ നിയമങ്ങൾ. കാർഷിക വിള വിപണന വാണിജ്യ നിയമം എന്ന പേരിലുള്ളതാണ് ആദ്യത്തേത്

0

ഡൽഹി | വിവാദ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നവംബർ 29ന് ലോക്സഭയിൽ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാകും അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങൾ അടങ്ങിയതാണ് 2020 ലെ കാർഷിക ബില്ല്. 2020 സെപ്തംബറിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ല് ഒരാഴ്ചക്കകം രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. രാജ്യത്തെ കാർഷിക മേഖല സമ്പൂർണമായി ഉദാരവത്കരിക്കുന്നതാണ് ഈ നിയമങ്ങൾ. കാർഷിക വിള വിപണന വാണിജ്യ നിയമം എന്ന പേരിലുള്ളതാണ് ആദ്യത്തേത്. ഈ നിയമപ്രകാരം കാർഷികോത്പന്നങ്ങൾ ഇന്ത്യക്കകത്തും സംസ്ഥാനങ്ങൾക്കുള്ളിലും നിയന്ത്രണങ്ങളില്ലാതെ കൈമാറ്റം ചെയ്യാനാകും. ഉത്പന്നങ്ങൾ പരിധിയില്ലാതെ എവിടെ നിന്നും സംഭരിക്കാം. ഇ-വിപണി വഴിയും സംഭരണവും കൈമാറ്റവും നടത്താം. സംസ്ഥാനങ്ങൾക്കാകട്ടെ ഫീസ് ഈടാക്കാൻ വകുപ്പുമില്ല.കർഷക ശാക്തീകരണ സംരക്ഷണ നിയമമാണ് രണ്ടാമത്തേത്. വിളവിറക്കുന്നതിന് മുൻപേ കർഷകരുമായി വ്യാപാരികൾക്ക് കരാറുണ്ടാക്കാൻ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.

അവശ്യവസ്തു നിയമഭേദതി നിയമാണ് മൂന്നാമത്തേത്. ഭക്ഷ്യസാധനങ്ങൾ, വളം, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും കമ്പനികൾക്കും ശേഖരിച്ചുവെക്കാൻ അധികാരം നൽകുന്നതാണ് ഈ ഈ നിയമം. കരിഞ്ചന്തക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിനുള്ള അധികാരം ഈ നിയമം വെട്ടിക്കുറച്ചു. കാർഷിക, ഉത്പാദന, വിപണന മേഖല പൂർണമായി കുത്തകവത്കരിക്കുകയും കർഷകരെ കോർപറേറ്റുകളുടെ ദയയ്ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്യുന്നുവെന്നതാണ് ഈ നിയമത്തിനെതിരായ വിമർശനം.

You might also like

-