ബ്യൂട്ടി പാർലർ വെടിവെപ്പ് അന്വേഷണം  ഇതര സംസ്ഥാനങ്ങളിലേക്ക് 

മുംബൈ അധോലോകനായകൻ  രവി പൂജാരിയുടെ പങ്ക് പരിശോധിക്കാൻ പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം പുറപ്പെട്ടത്. രവി പൂജാരിയുടെ ശബ്ദ സാന്പിളുകളും പൊലീസ് ശേഖരിക്കും

0

കൊച്ചി: പനമ്പിള്ളി നഗർ   ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ മുംബൈ അധോലോകനായകൻ  രവി പൂജാരിയുടെ പങ്ക് പരിശോധിക്കാൻ പൊലീസ് അയൽ സംസ്ഥാനങ്ങളിലേക്ക് തിരിച്ചു. മുംബൈ, മംഗലാപുരം എന്നിവിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം പുറപ്പെട്ടത്. രവി പൂജാരിയുടെ ശബ്ദ സാന്പിളുകളും പൊലീസ് ശേഖരിക്കും. ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ രവി പൂജാരി മുംബൈ കേന്ദ്രീകരിച്ച് അടുത്തകാലത്ത് നടത്തിയ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

മുംബൈ ക്രൈംബ്രാ‌ഞ്ചിന്‍റെ കയ്യിൽ ഇത്തരം വിശദാംശങ്ങളുണ്ട്. മാത്രമല്ല രവി പൂജാരിയുടെ ശബ്ദ സാമ്പിളുകളും ശേഖരിക്കും. ഏഷ്യാനെറ്റ് ന്യൂസിനടക്കം രവി പൂജാരിയുടെ പേരിൽ വന്ന ഫോൺകോളും, നടിക്ക് ലഭിച്ച ഭീഷണി ഫോൺ സന്ദേശത്തിലും സമാനമായ ശബ്ദമാണുള്ളത്. നടി പൊലീസിന് ഈ ശബ്ദ സന്ദേശം നേരത്തെ കൈമാറിയിട്ടുണ്ട്.

സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി രവി പൂജാരിയുടെ പേരിൽ വന്ന ഫോൺ സന്ദേശത്തിൽ പറയുന്നുണ്ടെങ്കിലും പൊലീസ് ഇത് ഉറപ്പിച്ചിട്ടില്ല. ശബ്ദ സാമ്പിളുകൾ അടക്കം വിശദമായി പരിശോധിച്ച ശേഷമെ രവി പൂജാരിയുടെ പങ്ക് ഉറപ്പിക്കാനാകൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. മാത്രമല്ല നടിയുടെ മൊഴിയിലെ പൊരുത്തക്കേടുകളും പോലീസ് തിരയുകയാണ്.

നേരത്തെ മുംബൈയിലും ചെന്നൈയിലും നടി അറസ്റ്റിലായ കേസുകളുടെ വിശദാംശങ്ങൾ ഇതിനായി ശേഖരിക്കുന്നുണ്ട്. ഹവാല കേസിൽ തീഹാർ ജയിലിൽ കഴിയുന്ന തന്‍റെ പാട്ണറുമൊത്ത് നടി ലീന മരിയ പോൾ കഴിഞ്ഞ ജൂണിൽ പത്ത് ദിവസം കൊച്ചിയിലെ ആഢംബര റിസോർട്ടിൽ തങ്ങിയിരുന്നു. ലീനയ്ക്ക് ഗുരുതരമായ അസുഖമാണെന്ന ചൂണ്ടിക്കാട്ടിയിയിരുന്നു ഇയാൾ അന്ന് പരോൾ സമ്പാദിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറാണ് രിസോർട്ടിലെത്തി അന്ന് നടിയെ പരിശോധിച്ചത്. ഇതിന്‍റെ വിശദാശംങ്ങളും പൊലീസ് തിരയുകയാണ്. നടിയെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.