‘ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം..’കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു

നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്.

0

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രി അനുശോചിച്ചു

“കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന്, കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങൾ മലയാളി മനസ്സിൽ എന്നും തങ്ങി നിൽക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”

നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍

അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, ഭ്രമരം, പാസഞ്ചര്‍, ബോഡിഗാര്‍ഡ്, മാണിക്യക്കല്ല്, സീനിയേഴ്‌സ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.

ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം..’ വിപ്ലവം സ്ഫുരിക്കുന്ന ഈ വരികൾ കേരളം പലവട്ടം ഏറ്റുപാടിയിട്ടുണ്ട്. ഇന്നോളം കേട്ടിട്ടില്ലാത്ത വ്യത്യസ്തതയുമായാണ് അറബിക്കഥയിലെ ഗാനങ്ങൾ മലയാളികളിലേക്കെത്തിയത്. ‘താരക മലരുകൾ വിരിയും പാടം ദൂരെ അങ്ങ് ദൂരെ’ എന്ന് വിനീത് ശ്രീനിവാസൻ പാടുമെങ്കിലും, ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി’ എന്ന് യേശുദാസ് പാടുമെങ്കിലും ആ വരികളിലെ ഗൃഹാതുരതയും പ്രണയവും വിപ്ലവവുമാണ് കേൾവിക്കാരെ സ്വാധീനിച്ചത്.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു

“മറക്കാനാവാത്ത വരികൾ മലയാളിയുടെ മനസിൽ കൊത്തിവച്ചു അനിൽ പനച്ചൂരാൻ യാത്രയായി. മലയാള ചലച്ചിത്രഗാന ശാഖയ്ക്കു ഇമ്പവും അർത്ഥവും നിറഞ്ഞു തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ് അനിൽ പനച്ചൂരാൻ.
‘ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം ” തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്.
കവിയെയും, സാംസ്‌കാരിക പ്രവർത്തകനെയും മാത്രമല്ല അടുത്ത ബന്ധം പുലർത്തിയ ഒരു സുഹൃത്തിനെ കൂടിയാണ് അനിലിന്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.എന്റെ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി മികച്ച ഗാനങ്ങൾ എഴുതി നൽകുകയും അതിനു പ്രതിഫലം വാങ്ങില്ലെന്ന് സ്നേഹവാശി പിടിക്കുകയും ചെയ്ത കലാകാരനാണ് പുതുവത്സരത്തിൽ വിടപറഞ്ഞത്.
“സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയിൽ
നമുക്കു സ്വപ്നമൊന്നു തന്നെ അന്നുമിന്നുമെന്നുമെ”എന്ന പനച്ചൂരാന്റെ വരികൾ കാലത്തെ അതിജീവിച്ചു ജീവിക്കും എന്ന് നിസ്സംശയം പറയാം.
പുതുതലമുറയിലെ പ്രഗത്ഭനായ കവിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. ആദരാഞ്ജലികൾ”

പനച്ചൂരാൻ്റെ സിനിമകളെല്ലാം പതിവു രീതികളിൽ നിന്ന് മാറിനടന്നവയാണ്. വ്യത്യസ്തനാമൊരു ബാർബറാം ബാലൻ്റെ കഥ പറഞ്ഞ ‘കഥ പറയുമ്പോളും’ അതിനു പിന്നാലെയെത്തിയ മുപ്പത്തോളം ഗാനങ്ങളും പ്രതിഭാധനനായ ആ കവിയുടെ കയ്യൊപ്പുകളായിരുന്നു. സൈക്കിളിലെ വർണപ്പൈങ്കിളി, ഭ്രമരത്തിലെ ‘കുഴലൂതും പൂന്തെന്നലേ’, കോക്ക്ടെയിലിലെ ‘നീയാം തണലിനു താഴെ’, സീനിയേഴ്സിലെ ‘ആരാമം നിറഞ്ഞേ’, ലോകം മുഴുവൻ ആരാധകരുണ്ടായ ‘എൻ്റമ്മേടെ ജിമിക്കി കമ്മൽ’ തുടങ്ങിയ ഗാനങ്ങൾ അദ്ദേഹത്തിൻ്റെ വ്യത്യസ്തതയ്ക്ക് ഉദാഹരണങ്ങളായി നിൽക്കുന്നു.

You might also like

-