കനത്ത മഴതുടരുന്നു ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചു ,നൂറോളം പേരെ കാണാതായി

രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി രംഗത്തുണ്ട്.

0

അമരാവതി | ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ മഴ ശക്തമായിതുടരുകയാണ് . ആന്ധ്രാപ്രദേശിൽ വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലുമായി 29 പേർ മരിച്ചതായാണ് റിപ്പോർട്ട്. നൂറോളം പേരെ കാണാതായി.മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ജില്ലാ കളക്ടർമാരോടൊപ്പം പ്രളയബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും സംയുക്തമായി രംഗത്തുണ്ട്. കപ്പഡ, ചിറ്റൂർ, അനന്തപൂർ, കുർനൂൽ എന്നിവിടങ്ങളിലാണ് മഴ ശക്തമായി ബാധിച്ചത്. റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷമായത്. ആന്ധ്രയിലെ പ്രധാന തീർഥാടനകേന്ദ്രമായ തിരുപ്പതിയിൽ വെള്ളം കയറി നൂറിലധികം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയും മഴയെത്തുടർന്ന് അടച്ചു.തിരുപ്പതിക്കുസമീപമുള്ള സ്വർണമുഖിനദിയും സംഭരണിയും കരകവിഞ്ഞൊഴുകുകയാണ്.

വെൽദുർത്തി ഗ്രാമത്തിലെ ചിത്രാവതി നദിയിൽ ഒറ്റപ്പെട്ടുപോയ 10 പേരെ ഐഎഎഫ് ഹെലികോപ്ടർ രക്ഷപ്പെടുത്തി. അനന്തപുർ ജില്ലയിലെ കാദിരി നഗരത്തിൽ മൂന്നുനിലക്കെട്ടിടം തകർന്നുവീണ് മൂന്നുകുട്ടികളും വയോധികയും മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നാലുപേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ് പറഞ്ഞു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആന്ധ്ര സർക്കാരിന്റെ മൂന്നുബസ്‌ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും തകർന്നു. 12 ബസുകൾ ഒഴുക്കിൽപ്പെടുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് എല്ലാ സഹായവും ഉറപ്പുനൽകിയിരുന്നു.
You might also like

-