അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ മോചിപ്പിച്ചു

തട്ടിക്കൊണ്ടു പോയ സംഘം ഇദ്ദേഹത്തെ രാമനാട്ടുകരയില്‍ ഉപേക്ഷിക്കുകയായിരുന്നു

0

കോഴിക്കോട്: തൂണേരിയില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി എം ടി കെ അഹമ്മദിനെ വിട്ടയച്ചു. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരവെയാണ് അജ്ഞാത സംഘം അഹമ്മദിനെ രാമനാട്ടുകരയില്‍ ഉപേക്ഷിച്ചത്.അഹമ്മദിനെ ശനിയാഴ്ചയാണ് കാറിലെത്തിയ സംഘം തൂണേരിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയത്. രണ്ട് ദിവസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭം നടത്തുന്നതിനിടെയാണ് രാത്രിയോടെ വ്യാപാരി വീട്ടില്‍ തിരിച്ചെത്തിയത്. തട്ടിക്കൊണ്ടു പോയ സംഘം ഇദ്ദേഹത്തെ രാമനാട്ടുകരയില്‍ ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് ഓട്ടോയിലും കാറിലുമായാണ് അഹമ്മദ് നാട്ടിലെത്തിയത്.

അതേസമയം സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എം ടി കെ അഹമ്മദിന്‍റെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അദ്ദേഹം വീട്ടിലെത്തുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. റൂറല്‍ എസ്.പി ശ്രീനിവാസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.