ബംഗാളിനും ത്രിപുരയ്ക്കും ശേഷം കേരളത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിഴുതെറിയണമെന്നും അമിത് ഷാ യുടെ ആഹ്വാനം

ചോരപ്പുഴ ഒഴുക്കു കേരളം പിടിക്കു ആഹ്വാനം,രാഷ്ട്രീയദൗത്യങ്ങളില്‍ കേരളത്തിലെ നേതാക്കള്‍ ഭയക്കുന്നുവെന്ന് അമിത്ഷാ

0

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചോരപ്പുഴ ഒഴുക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്റെ യുദ്ധപ്രഖ്യാപനം. കേരളത്തില്‍ ബിജെപി വളരാത്തതിന്റെ പ്രധാന കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജനകീയ മുഖവും ശക്തമായ രാഷ്ട്രീയ അടിത്തറയുമാണ്. അതിനാല്‍ എന്തുവിലകൊടുത്തും കമ്മ്യൂണിസ്റ്റുകളെ കേരളത്തിന്റെ മണ്ണില്‍ നിന്നും വേരോടെ പിഴുതെറിയണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു.

കമ്മ്യൂണിസ്റ്റുകള്‍ക്ക് ശക്തമായ വേരോട്ടമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തന്ത്രങ്ങള്‍ ഫലിച്ചു. ഇതിന് കഴിയാതെവന്ന കേരള ബിജെപി ഘടകത്തിന്റെ ദയനീയ അവസ്ഥയെ പഴിചാരിയാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ ഉപദേശം നല്‍കിയത്. തലസ്ഥാനത്ത് ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിനുശേഷം തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ നേതാക്കള്‍ അര്‍ഹിക്കുന്നതിലധികം ഉന്നത സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടും പാര്‍ട്ടിയുടെ വളര്‍ച്ച താഴേക്കാണ്. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയിട്ടും കണ്ണന്താനത്തെ മന്ത്രിയാക്കിയതും, സുരേഷ് ഗോപിക്കും, വി മുരളീധരനും എംപി സ്ഥാനങ്ങള്‍ നല്‍കിയിട്ടും അവരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പം നിര്‍ത്താനായില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ അതിജീവിക്കാന്‍ പുതിയ ചെറുപ്പക്കാരെ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുക്കണം. അതിന് എന്തു മാര്‍ഗ്ഗവും സ്വീകരിക്കണം. ചോരകൊണ്ട് മറുപടി പറയുന്ന രാഷ്ട്രീയം കൂടുതല്‍ ശക്തമാക്കണമെന്ന ഉപദേശവുമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായത്.

നിലവില്‍ സംസ്ഥാനത്തെ ബിജെപി ഘടകം ഒരടി പോലും മുന്നോട്ടു പോകാതെ മുരടിച്ച നിലയിലാണ്. പേരിനു പോലും ബിജെപി ഇല്ലാതിരുന്ന സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വളര്‍ച്ച എന്തെന്ന് മനസിലാക്കണം. അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടും ഗ്രൂപ്പ് പോരിന്റെ പേരില്‍ വിവാദം സൃഷ്ടിക്കാനാണു ചില നേതാക്കള്‍ ശ്രമിച്ചത്. രാഷ്ട്രീയമായ ദൗത്യങ്ങളില്‍ കേരളത്തിലെ നേതാക്കള്‍ ഭയന്നു പിന്‍മാറിയെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
തീവ്ര ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന ആര്‍എസ്എസിന് മാത്രമാണ് കേരളത്തിന്റെ ചില രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചെറു ചലനങ്ങളെങ്കിലും നടത്താന്‍ കഴിഞ്ഞത്. അതിനാല്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘടനാ നേതൃത്വമാകും കേരളത്തില്‍ ഉടന്‍ പ്രഖ്യാപിക്കുയെന്ന സന്ദേശവും അദ്ദേഹം നല്‍കി. ഇതുസംബന്ധിച്ച് രാത്രി വൈകി ആര്‍എസ്എസ് നേതാക്കളുമായും മറ്റ് സംഘ്പരിവാര്‍ നേതാക്കളുമായും അമിത്ഷാ ആശയവിനിമയം നടത്തി. കോര്‍കമ്മിറ്റി യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളെ സംസാരിക്കാന്‍ പോലും അമിത് ഷാ അനുവദിച്ചില്ലെന്നതും ശ്രദ്ധേയമായി.

ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍ റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തിയ അമിത് ഷാ ഇന്നു രാവിലെ ഡല്‍ഹിക്ക് മടങ്ങും.

You might also like

-