അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്

0

ആലപ്പുഴ: ദശാബ്‌ദങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ജില്ലയ്‌ക്കാകെ അഭിമാനം പകർന്നു കൊണ്ട് ബൈപ്പാസ് ഇന്ന് മുഖ്യമന്ത്രി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമിച്ച ബൈപ്പാസിന്റെ നിർമാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആക‍ർഷണം. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്ന് വിരാമമാകുന്നത്. ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി 1969 ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരനാണ് ബൈപ്പാസ് എന്ന ആശയം മുന്നോട്ട് വച്ചത്. മൂന്ന് പതിറ്റാണ്ടിന് ശേഷം 1990 ഡിസംബറിലായിരുന്നു ആദ്യ നിർമാണോദ്ഘാടനം. 2001 ൽ ഒന്നാംഘട്ട പൂർത്തിയായി. 2004 ൽ രണ്ടാംഘട്ടനിർമാണം തുടങ്ങിയെങ്കിലും സ്ഥലമേറ്റെടുപ്പിന് ഒപ്പം റെയിൽവേ മേൽപ്പാലങ്ങളുടെ പേരിലും വർഷങ്ങളോളം നിർമാണം വൈകി. ഇതോടൊപ്പം കടൽമണ്ണ് ശേഖരിച്ചുള്ള റോഡ്നിർമാണത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പും തടസ്സം നിന്നു.

2006 ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് ബീച്ചിലൂടെ മേൽപ്പാലം എന്ന ആശയം പ്രഖ്യാപിച്ചത്. എന്നാൽ റെയിൽവേ മേൽപ്പാലം, ഫ്ലൈ ഓവർ എന്നിവയുടെ പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തർക്കം തുടർന്നു. ഒടുവിൽ 2009 ൽ ഹൈക്കോടതിഎതിർത്തു . കൊല്ലം, ആലപ്പുഴ ബൈപ്പാസുകൾ ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ചു. തുടർന്ന് 2012 ൽ ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായി ബൈപ്പാസ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.2015 ൽ 344 കോടി രൂപ ചെലവിൽ പുതിയ എസ്റ്റിമേറ്റ് വന്നു. ഏപ്രിൽ 10 ന് വീണ്ടും നിർമാണോദ്ഘാടനം. 2016 ൽ മേൽപ്പാലത്തിനായി ബീച്ചിനോട് ചേർന്ന് കൂറ്റൻ തൂണുകൾ ഉയർന്നു. അപ്പോഴും കുതിരപ്പന്തിയിലെയും മാളിമുക്കിലെയും റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം തുടങ്ങിയിരുന്നില്ല. പിണറായി സർക്കാർ അധികാരത്തി‌ൽ വന്നപ്പോഴും പൊതുമരാമത്ത് വകുപ്പ് കൂടുതൽ സമയം ചെലവഴിച്ചത്, റെയിൽവേയുമായുള്ള തർക്കം പരിഹരിക്കാനായിരുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തി വലിയ സമ്മര്‍ദ്ദം ചെലുത്തിയതോടെ നിർമാണ തുകയുടെ പകുതി സംസ്ഥാനം നൽകിയാൽ നിർമാണം പുനരാരംഭിക്കാമെന്നായി കേന്ദ്രം. സംസ്ഥാന സർക്കാർ അതിന് തയ്യാറായി. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായതോടെ ശക്തമായ ഇടപെടലിൽ നിര്‍മാണം പുനരാരംഭിച്ചു. ഓരോ ഘട്ടത്തിലും ശ്രദ്ധയില്‍പെട്ട അപാകവും പോരായ്‌മയും അപ്പോള്‍ത്തന്നെ പരിഹരിച്ചു. റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീടുള്ള തടസം. അതിനും പരിഹാരമായതോടെ ബൈപാസ് യാഥാര്‍ഥ്യമായി.

2020 ജൂൺ മാസത്തോടെ റെയിൽവേ മേൽപ്പാലങ്ങൾ പൂർത്തിയാക്കി. പിന്നെ അതിവേഗത്തി‌ൽ ടാറിംഗും നവീകരണ ജോലികളും തീർന്നു.6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ ദൂരം. ഇതിൽ 3.2 കിലോമീറ്റർ ബീച്ചിന് മുകളിലൂടയുള്ള മേൽപ്പാലമാണ്. കൊല്ലം ഭാഗത്ത് നിന്ന് വരുമ്പോൾ കളർകോട് നിന്നാണ് ബൈപ്പാസിൻറെ തുടക്കം. എറണാകുളം ഭാഗത്ത് നിന്ന് വരുമ്പോൾ കൊമ്മാടിയിൽ നിന്നും ബൈപ്പാസിൽ കയറാം. ബീച്ചിൻ്റെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം. രാത്രികാല കാഴ്ചകളും മനോഹരമാണ്. നിലവിൽ രണ്ട് വരിയാണ് ബൈപ്പാസ്. ദേശീയപാതയുടെ ഭാഗമായതിനാൽ ആറുവരിയായി മാറണം.

-

You might also like

-