തർക്കങ്ങൾ അവസാനിപ്പിക്കണം യുഡിഎഫ് സ്ഥാനാര്‍ഥികലെ വിജയിപ്പിക്കാൻ പരിശ്രമിക്കണം :എ കെ ആൻ്റണി

സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മനസ്സില്‍ മുറിവുകള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസ്സിലാക്കുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് പറഞ്ഞുകഴിഞ്ഞാല്‍ അവിടം കൊണ്ട് അത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാവണം

0

ഡല്‍ഹി: കേരളത്തിലെ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കങ്ങളും ചര്‍ച്ചകളും അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മനസ്സില്‍ മുറിവുകള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളുടെ വേദന മനസ്സിലാക്കുന്നു. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് പറഞ്ഞുകഴിഞ്ഞാല്‍ അവിടം കൊണ്ട് അത്തരം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയുള്ള ചര്‍ച്ചകള്‍ മുഴുവനും യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്നതിനുള്ളതായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പട്ടിക പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ അടഞ്ഞ അധ്യായമാണ്. പിണറായി ഭരണം എങ്ങനെ അവസാനിപ്പിക്കാമെന്നും ബദലായി എങ്ങനെ യുഡിഎഫ് ഭരണം കൊണ്ടുവരാമെന്നുമാണ് ഇനിയുള്ള ചര്‍ച്ചകള്‍. പ്രവര്‍ത്തകര്‍ പരിഭവം തീര്‍ത്ത് വിജയത്തിനായി പ്രവര്‍ത്തിക്കണം. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എകെ ആന്റണി.

ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരും. എല്ലാ ജനാധിപത്യ വിശ്വാസികളും യുഡിഎഫുമായും കോണ്‍ഗ്രസുമായും സഹകരിക്കണം. വിജയം മാത്രമാണ് ഇനിയുള്ള ലക്ഷ്യം. അതിനായി പ്രവര്‍ത്തകര്‍ പരിഭവം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെട്ടുവെന്ന ആരോപണങ്ങളെയും അദ്ദേഹം നിഷേധിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് അനാവശ്യമായി ഇടപെടില്ല. കേരളത്തിലെ നേതാക്കളും നേതൃത്വവും ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പട്ടിക അംഗീകരിക്കുകയാണ് ഹൈക്കമാന്‍ഡ് പൊതുവേ ചെയ്യുന്നത്. ഇത്തവണയും അതാണ് ഉണ്ടായിരിക്കുന്നത്. അത്തരം തര്‍ക്കങ്ങളുടെ കാലം കഴിഞ്ഞു. ഹൈക്കമാന്‍ഡ് എന്നത് കെസി വേണുഗോപാലണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ നടത്തിയ പ്രസ്തവനയെക്കുറിച്ചും എകെ ആന്റണി പ്രതികരിച്ചു. കണ്ണൂരില്‍ അഞ്ച് സീറ്റ് എങ്കിലും കിട്ടുമെന്നാണ് സുധാകരന്‍ താനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത്. അതിനായി അഹോരാത്രം പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതായി എകെ ആന്റണി പറഞ്ഞു.യുഡിഎഫില്‍ എല്ലാ സുതാര്യമാണ്. ഇരുമ്പുമറകളില്ല. സിപിഎമ്മിലും വലിയ തര്‍ക്കങ്ങളുണ്ട്. എന്നാല്‍ അതൊന്നും പുറത്തറിയുന്നില്ലെന്ന് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന സീറ്റാണ് നേമം. കെ കരുണാകരന്റെ ഓര്‍മകളുറങ്ങുന്ന നേമത്ത് ഇക്കുറി കെ മുരളീധരന്‍ നേമത്ത് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.