എയ്ഡഡ്-സ്വാശ്രയ കോളജുകളിൽ ഇനി യഥേഷ്ടം അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങാൻ അനുമതി,പുതിയ കോഴ്സുകൾ തുടങ്ങാൻ എൻഒസി വേണ്ട.
സർക്കാർ, എയ്ഡഡ്, ഓട്ടോണോമസ് (എയ്ഡഡ്) കോളേജുകളിൽ എയ്ഡഡ് സ്ട്രീമിന് കീഴിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും നിലവിലെ കോഴ്സുകളിൽ സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ അനുമതി വേണം. എന്നാൽ ഇതിനായി സർക്കാർ ഫീസ് ഈടാക്കില്ല. സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സ്വയംഭരണ (എയ്ഡഡ്) കോളേജുകളിൽ സ്വാശ്രയ സ്ട്രീമിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല
തിരുവനന്തപുരം| സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകളിൽ ഇനി യഥേഷ്ടം അൺഎയ്ഡഡ് കോഴ്സുകൾ തുടങ്ങാനും സീറ്റുകൾ വർധിപ്പിക്കാനും അനുമതി. സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവ്. പുതിയ കോഴ്സുകൾ തുടങ്ങാൻ എൻഒസി വേണ്ട. സർക്കാരിനെ അറിയിച്ചാൽ മതി എന്നാണ് പുതിയ വ്യവസ്ഥ.പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. ഓരോ വർഷവും എൻഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവർഷത്തിൽ ഒരിക്കൽ ആക്കി. സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. സർക്കാർ, എയ്ഡഡ്, ഓട്ടോണോമസ് (എയ്ഡഡ്) കോളേജുകളിൽ എയ്ഡഡ് സ്ട്രീമിന് കീഴിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും നിലവിലെ കോഴ്സുകളിൽ സീറ്റുകൾ സ്ഥിരമായി വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ അനുമതി വേണം. എന്നാൽ ഇതിനായി സർക്കാർ ഫീസ് ഈടാക്കില്ല. സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സ്വയംഭരണ (എയ്ഡഡ്) കോളേജുകളിൽ സ്വാശ്രയ സ്ട്രീമിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ, സീറ്റ് വർദ്ധിപ്പിക്കുന്നതിനോ സർക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാൽ സ്വാശ്രയ രീതിയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ മുൻകൂട്ടി അറിയിക്കേണ്ടതാണെന്ന് സർക്കുലർ വ്യക്തമാക്കുന്നു.
സ്വാശ്രയ കോളേജുകളിൽ നിലവിലുള്ള കോഴ്സുകളിലെ സീറ്റ് വർദ്ധനവിന് അതാത് സർവകലാശാലകൾക്കോ റഗുലേറ്ററി അതോറിറ്റിക്കോ തീരുമാനമെടുക്കാം. ഇതിനായി പ്രത്യേകം സർക്കാർ അനുമതി തേടേണ്ടതില്ല. അനുമതി പത്രത്തിനായി ഒരു കോഴ്സിന് 650 രൂപ വീതം ചലാൻ ഫീസും (3 വർഷത്തേക്ക്) 810 രൂപ അഫിഡവിറ്റ് ഫീസും (3 വർഷത്തേക്ക്) അടയ്ക്കണമെന്നാണ് പുതിയ ചട്ടം. 2026-27 അധ്യയന വർഷത്തിൽ അനുമതി ലഭിച്ച കോളേജുകൾ 2029-30-ൽ പുതുക്കുമ്പോൾ 2027-28, 2028-29 വർഷങ്ങളിലെ ഫീസ് ഒടുക്കിയാൽ മതിയെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ഓരോ അക്കാദമിക് വർഷത്തിലും പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർദ്ധനവിന്റെയും വിവരങ്ങൾ സർവകലാശാലകൾ സർക്കാരിന് നിർബന്ധമായും റിപ്പോർട്ട് ചെയ്യണം. നിലവിലുള്ള നിയമങ്ങളിൽ പ്രതിപാദിക്കാത്ത വിഷയങ്ങൾക്കും, സർവകലാശാല/റഗുലേറ്ററി ബോഡി തീരുമാനങ്ങളിൽ പുനഃപരിശോധനയോ സർക്കാർ ഇടപെടലോ ആവശ്യമുള്ള സാഹചര്യങ്ങളിലും സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാനത്തെ എല്ലാ സർവകലാശാലകൾക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും കൈമാറിയിട്ടുണ്ട്.
അതേസമയം വിദ്യാഭ്യാസ കച്ചവടത്തിന് വഴിവയ്ക്കുന്ന തീരുമാനമെന്നും അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. മാനേജ്മെന്റ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത്തരം വൻ ഇളവുകൾ പ്രഖ്യാപിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. വർഷാവർഷമുള്ള പരിശോധനകൾ റദ്ദാക്കിയതും, അഡ്മിഷൻ കഴിഞ്ഞ ശേഷം മാത്രം വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന ഇളവും മെറിറ്റും സംവരണവും അട്ടിമറിച്ച് കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയാണെന്ന് അദേഹം ആരോപിച്ചു.
സർക്കാർ നിയന്ത്രണങ്ങൾ പാടെ എടുത്തുകളഞ്ഞ് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പഠനാവകാശങ്ങളെ തകർക്കുന്നതാണ് ഈ നടപടികളെന്ന് അദേഹം കുറ്റപ്പെടുത്തി. സെപ്റ്റംബർ 11-ലെ ഉത്തരവിലെ വ്യവസ്ഥകൾ അട്ടിമറിച്ച് മാനേജ്മെന്റുകൾക്ക് മുന്നിൽ മുട്ടുമടക്കിയതിന് പിന്നിലെ അവിശുദ്ധ നീക്കങ്ങളെക്കുറിച്ച് സമഗ്രമായ നിയമപരിശോധന നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പിണറായി വിജയൻ പറഞ്ഞു.