നരബലി പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളി.പത്ത് വർഷത്തിനിടെ 15 കേസുകൾ ,ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാൾ

പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

0

കൊച്ചി| ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളി. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.നടന്നത് കഠിനമായ അന്വേഷണമാണെന്നും കേസില്‍ സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണ്ണായകമായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാധാരണ കേസല്ലെന്ന് ആദ്യം തന്നെ മനസ്സിലായി.

കടവന്ത്രയിലെ പത്മയുടെ തിരോധാന കേസ് അന്വേഷണത്തിന് ഇടയിലാണ് കാലടിയിലെ റോസ്‍ലിന്റെ കൊലപാതകം കണ്ടെത്തിയത്. കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച് അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണ‌ർ എച്ച്.നാഗരാജു പറഞ്ഞു. ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചത്. ഫോൺ രേഖ, ടവർ ലൊക്കേഷൻ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികൾ തമ്മിൽ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വർഷത്തെ പരിചയമുണ്ട്. പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്സാക്ഷിയുണ്ട്. നരബലിക്ക് ശേഷം നാല് കുഴികളിലായാണ് മൃതദേഹം കുഴിച്ചിട്ടതെന്നും കമ്മീഷണ‌ർ പറഞ്ഞു. സന്ധ്യ നേരത്ത് കൊല നടത്തുകയും അ‌ർധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതായും എച്ച്.നാഗരാജു അറിയിച്ചു. പ്രതികൾ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.കൂടുതല്‍ തെളിവ് ശേഖരിക്കേണ്ടതുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. കൂടുതല്‍ പേര്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. രണ്ട് കൊലപാതകങ്ങളും നടന്നത് വൈകിട്ട് 5 മണി്ക്ക് ശേഷമാണ്. ഭഗവല്‍സിംഗിനും ഭാര്യയ്ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് വരുന്നതായും കമ്മീഷണര്‍ പറഞ്ഞു.

You might also like

-