നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

എഡിജിപി ശ്രീജിത്താണ് പുതിയ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. ക്രൈംബ്രാഞ്ച് ഐജി കെപി ഫിലിപ്പ്, എസ്പിമാരായ കെ.എസ് സുദർശൻ, എംജെ സോജൻ എന്നിവരും സംഘത്തിലുണ്ട്.

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി ബൈജു പൗലോസിന് തന്നെയാണ് അന്വേഷണ ചുമതല. എഡിജിപി ശ്രീജിത്താണ് പുതിയ അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. ക്രൈംബ്രാഞ്ച് ഐജി കെപി ഫിലിപ്പ്, എസ്പിമാരായ കെ.എസ് സുദർശൻ, എംജെ സോജൻ എന്നിവരും സംഘത്തിലുണ്ട്. വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് പുതിയ അന്വേഷണ സംഘത്തിന് നിർദ്ദേശമുണ്ട്.
അതേസമയം സംഭവത്തിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എറണാകുളം സിജെഎം കോടതിയുടേതാണ് അനുമതി. കേസിൽ വിചാരണ നേരിടുന്ന നടൻ ദിലീപിനെതിരെ ഉന്നയിച്ച വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള നിർണായക വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്.

സംഭവം നടന്ന സമയത്ത് ദിലീപിന്റെ വീട്ടിൽ പോയപ്പോൾ തനിക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചുവെന്നും അത് താൻ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് സംവിധായകൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കേസിൽ തുടരന്വേഷണം ആരംഭിക്കുകയുമുണ്ടായി. സംവിധായകന്റെ വെളിപ്പെടുത്തൽ കേസിന്റെ നിർണായക വഴിത്തിരിവായതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി പോലീസ് കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി ആവശ്യം അംഗീകരിക്കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ അന്വേഷണസംഘം പൾസർ സുനിയുടെ അമ്മയുടെ മൊഴിയെടുത്തു. പൾസർ സുനി തന്റെ അമ്മയുടെ കൈവശം ഏൽപ്പിച്ച കത്ത് ഇന്ന് അന്വേഷകർക്ക് അവർ കൈമാറിയിരുന്നു.

മലയാള സിനിമ രംഗത്ത് സെക്സ് റാക്കറ്റ് നിലനിൽക്കുന്നുണ്ടെന്നും അതിൽ ദിലീപ് അടക്കമുള്ള താര പ്രമുഖർക്ക് പങ്കുണ്ടെന്നുമെല്ലാം പൾസർ സുനി ഈ കത്തിൽ പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുനി തന്റെ അമ്മയെ ഏൽപ്പിച്ചതാണ് ഈ കത്തെന്നാണ് വിവരം. താരസംഘടനയിൽ എത്ര പേർക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് തനിക്കറിയാമെന്ന് സുനി പറയുന്നുണ്ട് കത്തിൽ. ദിലീപ് പുറംനാടുകളിൽ പരിപാടി അവതരിപ്പിക്കാൻ പോകുന്നതിൽ ദുരൂഹതകളുണ്ടെന്നും സുനിയുടെ കത്തിൽ ആരോപിക്കുന്നു.

-

You might also like

-