ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കും

0

ഇടുക്കി: ‍ഇടുക്കി ജില്ലക്കായി പതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിലെത്തുന്ന മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കും.

2018 ലെ പ്രളയത്തിൽ തകർന്ന ഇടുക്കിക്ക് കൈത്താങ്ങാകാൻ 2019 ലെ ബജറ്റിന് ശേഷം സർക്കാർ പ്രഖ്യാപിച്ചത് 5,000 കോടി രൂപയുടെ പാക്കേജ്. എന്നാൽ ഒന്നും നടപ്പായില്ല. ഇതോടെ 2020 ലെ ബജറ്റിൽ ആയിരം കോടിയുടെ പ്രായോഗിക പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയിൽപ്പെട്ട് ഈ പാക്കേജും കടലാസിലൊതുങ്ങി. ഇതോടെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ പാക്കേജ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി കട്ടപ്പനയിൽ നാളെ 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കും.

എന്നാൽ പാക്കേജ് തെരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ വഞ്ചനാദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ പാക്കേജിലെ പൊള്ളത്തരം പൊളിച്ച് കാണിക്കാനാണ് ബിജെപിയുടെ തീരുമാനം.