വിരമിച്ച എസ്‌ഐയുടെ വീടു കേന്ദ്രീകരിച്ചുള്ള ചീട്ടുകളി കേന്ദ്രത്തിൽനിന്നും വൻ ആയുധ ശേഖരം പികൂടി

കുമളി കിഴക്കയിൽ ഈപ്പൻ വർഗീസിന്റെ (70) വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഈപ്പൻ വർഗീസിന്റെ വീടു കേന്ദ്രീകരിച്ചു പണം വച്ച് ചീട്ടുകളി നടക്കുന്നെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന

0

കട്ടപ്പന | വിരമിച്ച എസ്‌ഐയുടെ വീടു കേന്ദ്രീകരിച്ചുള്ള ചീട്ടുകളി പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു ലഭിച്ചത് 2 നാടൻതോക്കുകളും എയർ റൈഫിളുകളും കാട്ടുപന്നിയുടേതെന്നു സംശയിക്കുന്ന തേറ്റയും ഉൾപ്പെടെയുള്ള വസ്തുക്കൾ. കുമളി കിഴക്കയിൽ ഈപ്പൻ വർഗീസിന്റെ (70) വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഈപ്പൻ വർഗീസിന്റെ വീടു കേന്ദ്രീകരിച്ചു പണം വച്ച് ചീട്ടുകളി നടക്കുന്നെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും ഇടുക്കി ജില്ലാ ഡാൻസാഫ് അംഗങ്ങളും കുമളി പൊലീസും സംയുക്തമായാണു പരിശോധന നടത്തിയത്. വീടിന്റെ മുകൾ നിലയിൽ ചീട്ടുകളിച്ചിരുന്ന ചിലർ പൊലീസിനെക്കണ്ടു കടന്നുകളഞ്ഞു. ഇവരിൽ ആരെങ്കിലും താഴത്തെ നിലയിലുള്ള മുറിയിൽ കയറിയിട്ടുണ്ടോയെന്നു പരിശോധിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഒളിപ്പിച്ചുവച്ചിരുന്ന 2 നാടൻതോക്കുകൾ, 2 എയർ റൈഫിളുകൾ, ഒട്ടേറെ തോട്ടകൾ, വെടിമരുന്നു നിറച്ചുവച്ച തോട്ടകൾ, തോട്ടയിൽ ഉപയോഗിക്കുന്ന വെടിയുണ്ട, കാട്ടുപന്നിയുടേതെന്നു സംശയിക്കുന്ന തേറ്റ തുടങ്ങിയവ കണ്ടെത്തിയത്.

ചീട്ടുകളി നടത്തിയിരുന്ന ഈരാറ്റുപേട്ട, ഏലപ്പാറ, കട്ടപ്പന, കുമളി, തോപ്രാംകുടി സ്വദേശികളായ 9 പേരെ പിടികൂടി. ഇവരുടെ പക്കൽ നിന്ന് 1,30,040 രൂപ കണ്ടെത്തി. സർവീസിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട ഈപ്പൻ‌ വർഗീസ് പിരിച്ചുവിടൽ നടപടി നേരിട്ടെങ്കിലും പിന്നീടു സർവീസിൽ തിരികെക്കയറി. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള വീട് കേന്ദ്രീകരിച്ച് ചീട്ടുകളി ക്ലബ്ബും വന്യമൃഗ വേട്ടയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി പൊലീസിനു മുൻപുതന്നെ വിവരം ലഭിച്ചിരുന്നു.

2022 നവംബറിൽ ഇവിടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 2,51,000 രൂപ പിടികൂടിയിരുന്നു. ഇയാളുടെ നേതൃത്വത്തിൽ വന്യമൃഗവേട്ട നടത്തുന്ന വിവരം തമിഴ്നാട് വനം വകുപ്പ് ഇന്റലിജൻസിനും ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടന്നുവരികയാണ്. കുമളി മേഖലയിൽ ഇയാളും കുട്ടിക്കാനത്തു മറ്റു ചില ഉദ്യോഗസ്ഥരും ചീട്ടുകളി ക്ലബ് നടത്തുന്നതു സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്.കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്‌ഐമാരായ പി.ഡി.അനൂപ്‌മോൻ, സജിമോൻ ജോസഫ്, എസ് സിപിഒമാരായ കെ. എ. സിയാദുദ്ദീൻ, സിനോജ്, ഡി.സതീഷ്, ജോബിൻ ജോസ്, സിപിഒമാരായ കെ.മഹേഷ് ഈഡൻ, ടി.എൽ.നദീർ മുഹമ്മദ്, ടോം സ്കറിയ, എം.പി.അനൂപ്, അനുജ്, പി.എസ്.സുബിൻ, വി.കെ.അനീഷ് എന്നിവരാണു പരിശോധന നടത്തിയത്.

You might also like

-