യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തു ഇന്റലിജൻസ് പരിശോധനക്ക് വിധേയമാക്കും

‘‘സമുദ്രത്തിനു മുകളിൽനിന്ന് ചില അവശിഷ്ടങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ, കാലാവസ്ഥ പ്രതികൂലമായതിനാൽ കടലിനടിയിൽ പരിശോധന നടത്താൻ സാധിക്കുന്നില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കടലിനടിയിലും പരിശോധന നടത്താനാകുമെന്നാണ് കരുതുന്നത്’ –

0

വാഷിങ്ടൻ |യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങൾ പൂർണമായും വീണ്ടെടുക്കാൻ ശ്രമം. അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വീണ്ടെടുക്കുന്ന അവശിഷ്ടങ്ങൾ ചൈനയ്ക്കു കൈമാറാൻ പദ്ധതിയില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണ് ഇതെന്ന് ചൈന വാദിക്കുമ്പോഴും, ചാരപ്രവർത്തനം തന്നെയാണ് ഉദ്ദേശ്യമെന്നാണ് യുഎസിന്റെ മറുവാദം.ചാരപ്രവർത്തനത്തിനുള്ള ചൈനീസ് ഉപകരണം എന്നു ചൂണ്ടിക്കാട്ടി മിസൈൽ ഉപയോഗിച്ചാണ് യുഎസ് സൈന്യം ബലൂൺ തകർത്തത്. കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ബലൂൺ വീഴ്ത്തിയത്. തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ അറ്റ്ലാന്റിക് സമുദ്രത്തിലാണു ബലൂൺ പതിച്ചത്. സമുദ്രത്തിനു മുകളിൽ നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.

‘‘സമുദ്രത്തിനു മുകളിൽനിന്ന് ചില അവശിഷ്ടങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ, കാലാവസ്ഥ പ്രതികൂലമായതിനാൽ കടലിനടിയിൽ പരിശോധന നടത്താൻ സാധിക്കുന്നില്ല. വരും ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കടലിനടിയിലും പരിശോധന നടത്താനാകുമെന്നാണ് കരുതുന്നത്’ – യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.ജനുവരി 28ന് അലൂഷ്യൻ ദ്വീപുകൾക്കു സമീപം തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് ബലൂൺ ആദ്യമായി യുഎസിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് കാനഡയിലെ അലാസ്കയിലൂടെ സഞ്ചരിച്ച് ഐഡഹോയ്ക്കു മുകളിലൂടെ ബലൂൺ വീണ്ടും യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു. അപകടമില്ലാതെ ബലൂൺ താഴെയിറക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച അനുമതി നൽകി. തുടർന്ന് ഇന്ത്യൻ സമയം ഞായർ പുലർച്ചെ 1.09ന് ആണ് ബലൂൺ വീഴ്ത്തിയത്.

വഴിതെറ്റി പറന്ന കാലാവസ്ഥാ ബലൂൺ ആണെന്ന ചൈനയുടെ അവകാശവാദം കളവാണെന്നും യുഎസിലെയും കാനഡയിലെയും സൈനികമേഖലകൾ നിരീക്ഷിക്കുകയായിരുന്നു ബലൂണിന്റെ ലക്ഷ്യമെന്നും പ്രതിരോധ സെക്രട്ടറി ആരോപിച്ചു. ബലൂൺ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

You might also like

-