“വെള്ളക്കരം കൂട്ടിയത് സഭയിൽ വേണം” മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്

സഭ നടക്കുമ്പോള്‍ ഉത്തരവിറക്കിയത് നിയമസഭയോടുള്ള അനാദരവെന്ന് എ പി അനില്‍കുമാര്‍ ആരോപിച്ചു.

0

തിരുവനന്തപുരം| മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. വെള്ളക്കരം കൂട്ടല്‍ സഭയില്‍ തന്നെയായിരുന്നു ആദ്യം പ്രഖ്യാപിക്കേണ്ടതെന്ന് സ്പീക്കര്‍ പറഞ്ഞു. എ പി അനില്‍കുമാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് റൂളിങ്.

സഭ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള ഉത്തരവുകള്‍ സഭയില്‍ തന്നെ പ്രഖ്യാപിക്കണമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. സഭ നടക്കുമ്പോള്‍ ഉത്തരവിറക്കിയത് നിയമസഭയോടുള്ള അനാദരവെന്ന് എ പി അനില്‍കുമാര്‍ ആരോപിച്ചു. നയപരമായ തീരുമാനം സമ്മേളന കാലത്ത് സഭയില്‍ പ്രഖ്യാപിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. തീരുമാനങ്ങള്‍ സഭയില്‍ പ്രഖ്യാപിക്കുന്നതാണ് ഉത്തമം. ഇത് ലംഘിക്കപ്പെട്ടപ്പോഴൊക്കെ മുന്‍കാലങ്ങളില്‍ റൂളിങ് ഉണ്ടായിട്ടുണ്ട്. സഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമ മാത്യകയായി മാറുമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ ധൃതി പിടിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഉത്തരവ്. സഭയോടുള്ള അനാദരവല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.

You might also like