മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികൾക്ക് ജീവൻനഷ്ടമായി

ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ അറിയിച്ചു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാ​ഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി

0

മുംബൈ| മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമായി മരിച്ചു. 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുൾപ്പെടെ 24 രോഗികളാണ് മരിച്ചത്. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ അറിയിച്ചു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാ​ഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി.സംഭവത്തിൽ വിശദീകരണം തേടിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവത്തിൽ മൂന്നംഗ സമിതി പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.

’70 മുതൽ 80 കിലോമീറ്റർ ചുറ്റളവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ റഫർ ചെയ്യുന്ന ഈ രീതിയിലുള്ള ഒരു പരിചരണ കേന്ദ്രം ഇത് മാത്രമാണ്. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് രോഗികൾ എത്തുന്നുണ്ട്. ചില ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കും. അടുത്തിടെ ജീവനക്കാരിൽ ചിലരെ സ്ഥലം മാറ്റിയതിനെത്തുടർന്ന് ആശുപത്രിയിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു’- ആശുപത്രി ഡീൻ പറഞ്ഞു.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ പരിചരിച്ചതെന്നും എല്ലാ ചികിത്സയും ലഭ്യമാണെന്നും ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവൻ ഡോ. കിഷോർ റാത്തോഡ് പറഞ്ഞു അത്യാസന്നരായ രോഗികൾക്കും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും ആവശ്യമായ മരുന്നുകൾ ആശുപത്രിയിൽ ഉണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രസ്താവനയിൽ പറഞ്ഞു.

“കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഈ രോഗികൾ മറ്റ് ജില്ലകളിൽ നിന്ന് വന്നവരാണ്, ഞങ്ങളുടെ ജീവനക്കാർ അവരെ ചികിത്സിക്കുകയും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ ആശുപത്രിക്ക് ഇതിനകം 12 കോടി രൂപ അനുവദിച്ചിരുന്നു. 4 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്” പ്രസ്താവനയിൽ പറയുന്നു.

ഇതിനിടെ, സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ആയിരക്കണക്കിന് കോടി രൂപ പ്രചാരണത്തിനായി ചെലവിടുന്ന ബിജെപി സർക്കാർ, കുട്ടികളുടെ മരുന്നുകൾക്കായി തുക ചെലവിടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

You might also like

-