ഡൽഹിയിൽ 24 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നു

ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നാണ് നിര്‍ദേശം

0

ഡൽഹി : ഡൽഹിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ഡൽഹിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെൽട്ട വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 10 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നിര്ക്കുള്ള സ്‌ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.അതേസമയം കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

രോഗവ്യാപനം തടയാൻ വാർ റൂമുകൾ സജീവമാക്കണമെന്നാണ് നിര്‍ദേശം. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. പ്രാദേശികമായ സാഹചര്യങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് ഒമിക്രോണിനെ നേരിടാന്‍ സജ്ജമാകണമെന്നാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാമെന്ന ദീർഘവീക്ഷണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലും ജില്ലകളിലും കർശന തയ്യാറെടുപ്പുകൾ നടത്തണം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദത്തിന്‍റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജില്ലാതലങ്ങളിലും കരുതലോടെ വേഗത്തില്‍ തീരുമാനങ്ങളെടുക്കണം

വാക്സിൻ വിതരണം എത്രയും പെട്ടെന്ന് 100 ശതമാനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. രാജ്യത്ത് 137 കോടിപേർക്ക് കൊവിഡ് വാക്സിൻ നൽകാനായിഎന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചിരുന്നു. രണ്ട് തദ്ദേശീയ വാക്സിനുകൾക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടൻ അനുമതി നൽകും. പ്രതിമാസം 45 കോടി വാക്സിൻ ഉല്പാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരിക്കാനും കുട്ടികൾക്കായി പ്രത്യേക വാര്‍ഡുകൾ തയ്യാറാക്കാനുമാണ് ഈ തുക ചിലവിടുകയെന്നും ആരോഗ്യ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.

അതേസമയം കേരളത്തിലെ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 97.38 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കി. ഒമിക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടക്കുകയാണ്. പത്തു ലക്ഷം ഡോസ് വാക്സീൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

You might also like

-