യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ഏജ് ലെവല്‍ ഫോര്‍മാറ്റുകളിലെല്ലാം കളിച്ചു തെളിഞ്ഞാണ് യുവരാജ് സിംഗ് എന്ന എലഗന്റ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടു വെക്കുന്നത്

0

ഇന്ത്യന്‍ താരം യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീന്‍ ഹിറ്റര്‍മാരിലൊരാളായ യുവിയുടെ തീരുമാനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ഏജ് ലെവല്‍ ഫോര്‍മാറ്റുകളിലെല്ലാം കളിച്ചു തെളിഞ്ഞാണ് യുവരാജ് സിംഗ് എന്ന എലഗന്റ് ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടു വെക്കുന്നത്. 2000ല്‍ കെനിയക്കെതിരെ അരങ്ങേറിയ യുവരാജ് ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റുകളിലും 304 ഏകദിനങ്ങളിലും 58 ടി-20 കളിലും ജേഴ്‌സിയണിഞ്ഞു.

പ്രഥമ ടി-20 ലോകകപ്പിലെ യുവരാജിന്റെ തുല്യതയില്ലാത്ത ബാറ്റിംഗ് പ്രകടനങ്ങള്‍ ഇന്ത്യയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ആ ടൂര്‍ണമെന്റിലാണ് ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ ആറ് സിക്‌സറുകളടിച്ച് യുവരാജ് ലോക റെക്കോര്‍ഡിട്ടത് തുടര്‍ന്ന് 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരീസായ യുവരാജ് അവിടെയും തന്റെ പങ്ക് കൃത്യമായി അടയാളപ്പെടുത്തി. 362 റണ്‍സും 15 വിക്കറ്റുമായി ലോകകപ്പില്‍ തിളങ്ങിയ യുവിയുടെ പോരാട്ട വീര്യത്തിന്റെ കൂടി ഫലമാണ് ആ ലോകകപ്പ്.

ലോകകപ്പിനു ശേഷം തനിക്ക് ക്യാന്‍സറാണെന്ന യുവരാജിന്റെ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്തിന് ഒരു ഞെട്ടലായിരുന്നു. ക്യാന്‍സറിനെ കീഴടക്കി അദ്ദേഹം കളിക്കളത്തിലേക്ക് തിരികെ വന്നെങ്കിലും പഴയ യുവിയുടെ നിഴല്‍ മാത്രമാണ് കാണാന്‍ സാധിച്ചത്. ഫീല്‍ഡിലും ക്രീസിലും പഴയ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെ പോയ യുവരാജിന് കഴിഞ്ഞ രണ്ട് ഐപിഎല്ലുകളിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ല.

You might also like

-