എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു

തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. ബേബി ജോൺ പ്രസംഗം തുടരവേ തനിയ്ക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്

0

തൃശ്ശൂര്‍: എൽഡിഎഫ് പ്രചാരണ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെ യുവാവ് തളളിയിട്ടു. തൃശ്ശൂർ തേക്കിൻ കാട് മൈതാനിയിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയ ശേഷമാണ് സംഭവം. ബേബി ജോൺ പ്രസംഗം തുടരവേ തനിയ്ക്ക് വേദിയിൽ സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് എത്തിയത്. മന്ത്രി വി എസ് സുനിൽകുമാറുൾപ്പെടെയുള്ള നേതാക്കൾ വിലക്കിയെങ്കിലും പെട്ടെന്ന് ഇയാൾ ബേബി ജോണിനെ തള്ളിയിടുകയായിരുന്നു.

വീഴ്ചയിൽ ബേബി ജോണിന്റെ കൈയ്ക്ക് പരിക്കേറ്റു. യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചെന്ത്രാപ്പിന്നി സ്വദേശിയായ യുവാവാണ് ആക്രമിച്ചതെന്നും വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചത്തോടെ സ്ഥലത്ത് നേരിയ സംഘർഷം ഉടലെടുത്തു. ഗുരുവായൂരില്‍ ആദ്യം സ്ഥാനാര്‍ഥിയായി സി.പി.എം നിശ്ചയിച്ചിരുന്നത് മുതിര്‍ന്ന നേതാവ് ബേബി ജോണിനെ ആയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ബേബി ജോണ്‍. എന്നാല്‍ ഇദ്ദേഹത്തിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. പിന്നീട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആണ് ബേബി ജോണിന്‍റെ പേര് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.

അതേസമയം ബേബി ജോണിനെ തള്ളിയിട്ട സംഭവം ആസൂത്രിത ശ്രമമമാണോയെന്ന് സംശയിക്കുന്നതായി മന്ത്രി വി.എസ്.സുനിൽ കുമാർ.‘വേദിയിൽ നേരത്തെ തന്നെ ഇയാൾ വന്നിരുന്നു. എഴുന്നേൽപ്പിച്ച് മാറ്റാൻ ശ്രമിച്ചിട്ടും മാറിയില്ല. പെട്ടെന്ന് തന്നെ എഴുന്നേറ്റ് വന്ന് ബേബി ജോണി നെ തള്ളിയിടുകയായിരുന്നു. ഇടതുമുന്നണി ഗൗരവത്തിൽ തന്നെ ഇതിനെ കാണുന്നു. മുഖ്യമന്ത്രി പങ്കെടുത്ത യോഗം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ്’- മന്ത്രി പറഞ്ഞു. ഇയാളെ പൊലീസിൽ ഏൽപ്പിച്ചുവെന്നും മന്ത്രി അറിയിച്ചു.