വന്യമൃഗശല്യം കേരളം , കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ ,അന്തര്‍ സംസ്ഥാന ഏകോപന സമിതി

യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു.കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്

0

ബന്ദിപ്പൂര്‍| കേരളം കർണാടകം തമിഴ് നാട് സംസ്ഥാങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ കേരളം , കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ കോർഡിനേഷൻ യോഗം ബന്ദിപ്പൂരില്‍ പൂര്‍ത്തിയായി. ബന്ദിപ്പൂർ ഫോറസ്റ്റ് ഹെഡ് കോർട്ടേഴ്സിൽ ചേർന്ന യോഗത്തിൽ കേരള വനം മന്ത്രി എ.കെ.ശശീന്ദ്രൻ, കർണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ, തമിഴ്നാട്ടിൽ നിന്ന് മുതുമലൈ ഫീല്‍ഡ് ഡയറക്ടറായ മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവരും മൂന്നു സംസ്ഥാനങ്ങളിലെ മറ്റു വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.വന്യമൃഗ ശല്യം തടയാൻ ഏതെല്ലാം തലത്തിൽ സഹകരണം സാധ്യമാകും എന്നാണ് യോഗം പ്രധാനമായും വിലയിരുത്തിയത്

യോഗത്തില്‍ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി കേരളവും കര്‍ണാടകവും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ ചാര്‍ട്ടറിൽ ഒപ്പിട്ടു.കേരള-കര്‍ണാടക വനം വകുപ്പ് മന്ത്രിമാരാണ് ചാര്‍ട്ടറില്‍ ഒപ്പിട്ടത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി.സംഘർഷ മേഖലകളിൽ സംയുക്ത ദൗത്യങ്ങൾ അതിവേഗത്തിൽ നടപ്പിലാക്കാനും യോഗത്തിൽ ധാരണയായി. മൂന്ന് സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയമിച്ചാണ് സഹകരണം ഉറപ്പാക്കുക.ആവശ്യങ്ങൾ നേടിയെടുക്കാൻ മൂന്ന് സംസ്ഥാനങ്ങളും ഒരു മിച്ച് കേന്ദ്രത്തെ സമീപിക്കും. കരാറിന്‍റെ ഭാഗമായി വന്യമൃഗശല്യത്തില്‍ വേഗത്തിലുള്ള ഇടപെടലിനും ഏകോപനത്തിനുമായി അന്തര്‍ സംസ്ഥാന ഏകോപന സമിതിയും രൂപവത്കരിക്കും.

ചാർട്ടറിൽ ഉൾപ്പെടുത്തിയ 4 ലക്ഷ്യങ്ങൾ

1. മനുഷ്യ വന്യമൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക. വന്യമൃഗ ശല്യത്തിന്‍റെ അടിസ്ഥാന കാരണം കണ്ടെത്തുക. പ്രശ്നം ലഘൂകരിക്കുന്നതിനുള്ള വഴികള്‍ തേടുക

2. പ്രശ്നങ്ങളില്‍ നടപടിയെടുക്കുന്നതിലെ കാല താമസം ഒഴിവാക്കുക. അതിവേഗ ഇടപെടലിന് നടപടി

3. വിഭവ സഹകരണം. വിവരം വേഗത്തിൽ കൈമാറല്‍, വിദഗ്ധ സേവനം ഉറപ്പാക്കല്‍

4. വിഭവശേഷി വികസനം , അടിസ്ഥാന സൗകര്യ വികസനം, കാര്യക്ഷമത എന്നിവ കൂട്ടുക.

അന്തര്‍ സംസ്ഥാന ഏകോപന സമിതിയുടെ പ്രവര്‍ത്തന രീതി ICC (interstate coordination committee)

1. ഒരു നോഡല്‍ ഓഫീസര്‍
2. സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ അസി. നോഡല്‍ ഓഫീസർമാർ
3. ഒരു ഉപദേശക സമിതി
4. മൂന്ന് സംസ്ഥാനത്ത് നിന്നും അംഗങ്ങൾ
5. വർക്കിങ് ഗ്രൂപ്പ്‌ (പ്രശ്ന മേഖലയിൽ ഇടപെടാൻ )

മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ബന്ദിപ്പൂർ, മുതുമലെ, നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള ആനകൾ പലഭാഗത്തും നാട്ടിലിറങ്ങുന്നുണ്ട്. വ്യാപക കൃഷിനാശവും പതിവാണ്. ഈ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. മൂന്ന് സംസ്ഥാനങ്ങൾക്കും ബാധകമായ നയരൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ബേലൂർ മഖ്നയുണ്ടാക്കിയ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനം ഉണ്ടായത്. അതേസമയം, വന്യമൃഗശല്യം തടയുന്നതിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്‍ഡ്രെ ആരോപിച്ചു. റെയിൽ ഫെൻസിങിന് കേന്ദ്ര സഹായം കിട്ടുന്നില്ലെന്നും പിന്നെ എങ്ങനെ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാൻ കഴിയുമെന്നും ഈശ്വര്‍ ഖണ്‍ഡ്രെ ചോദിച്ചു.

കേരളത്തിന്‍റെ അവശ്യം പരിഗണിച്ചു കൊണ്ട് വന്യജീവി നിയമത്തിൽ കാലോചിതമായ മാറ്റം വേണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പതിറ്റാണ്ടുകൾ മുൻപുള്ള സാഹചര്യമല്ല ഇന്നുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം ഉണ്ട്. എന്നാൽ അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങൾ ഉണ്ട്. വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ നിരവധി ഭേദഗതികൾ വരുത്തേണ്ട അവശ്യം ഉണ്ട്. പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് അവശ്യത്തിന് ഫണ്ട് സംസ്ഥാനങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിന് ഉണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഇല്ല എന്നത് കേരളത്തിന്‍റെ മാത്രം പ്രതിസന്ധിയല്ല, മൂന്ന് സംസ്ഥാനങ്ങളും നേരിടുന്നുണ്ടെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

You might also like

-