കൊല്ലം വിസ്മയ കേസിൽ വിധി ഇന്ന്,

സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്

0

കൊല്ലം | മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസിൽ വിധി ഇന്ന്, ബി.എ.എം.എസ്‌ വിദ്യാര്‍ത്ഥിനി വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച കേസില്‍, കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി ഇന്ന്‌ വിധി പ്രസ്‌താവിക്കും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റങ്ങളാണ് ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്‌.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഐപിസി 304 ബി
സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്‍റെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ

ഐപിസി 498 എ
സ്ത്രീധനത്തിന്‍റെ പേരിലുളള പീഡനത്തിനെതിരായ വകുപ്പ്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം

ഐപിസി 306
ആത്മഹത്യാ പ്രേരണ കുറ്റം. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306

ഐപിസി 323
ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാനാകും.

ഐപിസി 506
ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന വകുപ്പാണ് ഐപിസി 506. കുറ്റം തെളിയിക്കാനായാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും പ്രതിക്ക് ലഭിക്കാം

ഇതിനു പുറമേയാണ് സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.
ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രോസിക്യഷന്‍

ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു വിസ്മയ കേസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാർ. അന്വേഷണ സംഘം സമാഹരിച്ച തെളിവുകൾ കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.രാജ്കുമാർ പറഞ്ഞു

ജനുവരി പത്തിനാണ് കേസിന്‍റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്‍റെ സഹോദരിക്കും അയച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരൺ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു

ലമേല്‍ കൈതോട്‌ കെ.കെ.എം.പി ഹൗസില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്‌മയ (24)യെ 2021 ജൂണ്‍ 21-നാണ്‌ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പ്രതിയാക്കി പൊലീസ്‌ കേസെടുത്തു.

വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2020 മേയ് 30 നാണ് വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് 9 ആം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ‘ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും’ കരഞ്ഞു പറയുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നു.

സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിന് ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി സെപ്തംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. വിചാരണ തുടങ്ങിയത് ജനുവരി 10ന്. ഈ മാസം 18ന് പൂർത്തിയായി. വിചാരണ അന്തിമഘട്ടത്തിലെത്തിയിരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് കിരണിന് ജാമ്യം അനുവദിച്ചു.

-

You might also like

-