ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിൽ ക്രമക്കേട് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

വിൻസന്റ് ജോസഫ്, ഡെപ്യൂട്ടി തഹസീൽദാർ സോജൻ പുന്നൂസ്, സെക്ഷൻ ക്ലർക്കുമാരായ വഹീദ, ജെസിമോൾ ജോസ് എന്നിവർക്കെതിരെയാണ് സർക്കാരിപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത്. ഇവർക്ക് കഠിനശിക്ഷയ്ക്കുള്ള കുറ്റപത്രം നൽകിയിരുന്നു

0

തിരുവനന്തപുരം | ഇടുക്കി ജില്ലയിലെ പട്ടയ വിതരണത്തിലെ ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ്. ഉദ്യോഗസ്ഥരുടെ വാദങ്ങൾ തള്ളിയാണ് വകുപ്പുതല വിജിലൻസ് അന്വേഷണത്തിന് തീരുമാനം.സർക്കർ ഭൂമി ഇഷ്ടക്കാർക്ക് പതിച്ചു നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പാണ് ഉദ്യോഗസ്ഥ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

ഇടുക്കി ജില്ലയിൽ പട്ടയം നൽകുന്നതിൽ ഉദ്യോഗസ്ഥർ വൻതോതിൽ ക്രമക്കേടുകൾ നടത്തിയതായി സർക്കാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിലാണ് ഉദ്യോഗസ്ഥർക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രാഥമിക അന്വേഷണത്തിൽ ഇടുക്കി തഹസീൽദാർ വിൻസന്റ് ജോസഫിനെ സസ്‌പെന്റ് ചെയ്തിരുന്നു.
വിൻസന്റ് ജോസഫ്, ഡെപ്യൂട്ടി തഹസീൽദാർ സോജൻ പുന്നൂസ്, സെക്ഷൻ ക്ലർക്കുമാരായ വഹീദ, ജെസിമോൾ ജോസ് എന്നിവർക്കെതിരെയാണ് സർക്കാർ. അന്വേഷണം പ്രഖ്യാപിച്ചത്.ചെറുതോണിക്ക് സമീപം പാറപുറമ്പോക്കിനും കാൽവരി മൗണ്ടിലും കഞ്ഞിക്കുഴിയിലെ സർക്കാർ ഭൂമി റിസോർട്ടുകൾക്കും പതിച്ചു നല്കിയതുൾപ്പെടെ നിരവധി ക്രമക്കേടുകളാണ് ഇവർക്കെതിരെ കണ്ടെത്തിയിട്ടുള്ളത് ഇവർക്ക് കഠിനശിക്ഷയ്ക്കുള്ള കുറ്റപത്രം നൽകിയിരുന്നു. ഇതിന് നൽകിയ മറുപടി അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് അന്വേഷണം. ചട്ടപ്രകാരം അസൈനബിൾ ലിസ്റ്റ് തയാറാക്കണമെന്ന് നിർബന്ധമാണ്. പുറമ്പോക്ക് ഭൂമി പതിച്ചു നൽകിയതും സീനിയോറിറ്റി പാലിക്കാതെയും പട്ടയങ്ങൾ നൽകിയെന്ന് പരിശോധനയിൽ കണ്ടെത്തിയതാണ്. അതിനാൽ കുറ്റപത്രത്തിന് നൽകിയ മറുപടി അംഗീകരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അച്ചടക്ക നടപടി തുടരുന്നതിനായി വിജിലൻസ് ഡെപ്യൂട്ടി കളക്ടറെ അന്വേഷണത്തിന് നിയോഗിക്കാനാണ് സർക്കാർ തീരുമാനം. മധ്യമേഖലാ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുള്ളത്. രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

You might also like