ജിമ്മി ജോർജ് സ്റ്റെഡിയത്തിലെ വാക്സീൻ വിതരണം തടിച്ചു കൂടിയത് രണ്ടായിരത്തോളം പേർ രണ്ടുപേർ കുഴഞ്ഞുവീണു

രണ്ടായിരത്തോളം പേർക്കുള്ള മെഗാ ക്യാംപിന് മുന്നോടിയായി മുന്നൊരുക്കം നടത്താത്തതാണ് പാളിച്ചക്ക് ഒരു കാരണം. തുടക്കത്തിൽ സമയക്രമം നോക്കാതെ ആദ്യം എത്തിയവർക്ക് ആദ്യം എന്ന രീതിയിൽ വാക്സീൻ നൽകി.

0

തിരുവനന്തപുരം: ജിമ്മി ജോർജ് സ്റ്റെഡിയത്തിലെ വാക്സീൻ വിതരണ കേന്ദ്രത്തിൽ ഗുരുതര വീഴ്ച . രണ്ടായിരത്തോളം പേർ കൂട്ടത്തോടെ എത്തിയതോടെ തിക്കും തിരക്കും ബഹളവുമായി. നാല് മണിക്കൂറോളം ക്യൂ നിന്ന ചിലർ കുഴഞ്ഞ് വീണു. വാക്സിൻ വിതരണത്തിന് കൃത്യമായ ക്രമീകരണം ഒരുക്കാത്തതും സമയക്രമം നോക്കാതെ ജനങ്ങൾ രാവിലെ എത്തിയതുമാണ് പ്രശ്നത്തിന് കാരണം.സാമൂഹിക അകലം സർവ പ്രധാനമെന്ന് ഉപദേശിക്കുന്ന ആരോഗ്യ വകുപ്പിൻ്റെ കൺമുന്നിൽ രണ്ടായിരത്തോളം പേർ തിക്കി തിരക്കി.ഏത് വരിയെന്നോ എത്ര വരിയെ നോ നിശ്ചയമില്ലാതെ കിലോമീറ്ററുകൾ നീണ്ട നിര.പ്രഥമ പരിഗണന കൊടുക്കേണ്ട വയോധികർ പോലും മണിക്കൂറുകൾ നിന്ന് മടുത്തു. കാത്തിരിപ്പ് നീണ്ടപ്പോൾ ചിലർ കുഴഞ്ഞ് വീണു.ഒടുവിൽ ഉദ്യോഗസ്ഥരുമായി തർക്കമായി. രണ്ടായിരത്തോളം പേർക്കുള്ള മെഗാ ക്യാംപിന് മുന്നോടിയായി മുന്നൊരുക്കം നടത്താത്തതാണ് പാളിച്ചക്ക് ഒരു കാരണം. തുടക്കത്തിൽ സമയക്രമം നോക്കാതെ ആദ്യം എത്തിയവർക്ക് ആദ്യം എന്ന രീതിയിൽ വാക്സീൻ നൽകി. പിന്നീട് സമയക്രമം എർപ്പെടുത്തിയത് തർക്കത്തിന് വഴിവച്ചു. മാത്രവുമല്ല സമയക്രമം തിരിച്ച് ക്യൂ നിർത്താനുള്ള സംവിധാനം ഒരുക്കിയുമില്ല.

അതോടൊപ്പം ഉച്ചയ്ക്ക് സമയം അനുവദിച്ചവർ പോലും രാവിലെ വന്നതും പ്രശ്നമായി. ഇനി റജിസ്ട്രേഷൻ സമയത്ത് അനുവദിക്കുന്ന സമയത്ത് മാത്രം കേന്ദ്രത്തിലെത്തിയിൽ മതിയെന്നണ് ജനങ്ങൾക്കുള്ള നിർദേശം. കൃത്യമായി ടൈംസ്ലോട്ട് നൽകിയെന്നും ഇത് കണക്കിലെടുക്കാതെ ജനം വന്നെന്നും ഡിഎംഒ പ്രതികരിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിന് സംവിധാനമില്ല. ഇപ്പോള്‍ പൊലീസ് തിരക്ക് നിയന്ത്രിക്കുന്നുണ്ട്. നാളെ കാര്യക്ഷമമാക്കുമെന്നും ഡിഎംഒ പറഞ്ഞു