വൻ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളുമായി രണ്ടു മലയാളികൾ യു പി യിൽ പിടിയിൽ

32 ബോർ പിസ്റ്റൾ, ഏഴ് വെടിയുണ്ടകൾ തുടങ്ങിയവയാണ് പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

0

ലക്‌നൗ: ഉത്തർപ്രദേശിൽ പിടിയിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ നിന്നും പിടിച്ചെടുത്തത് വൻ സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും. സ്‌ഫോടക വസ്തുക്കൾക്ക് പുറമേ ചുവന്ന വയർ, 32 ബോർ പിസ്റ്റൾ, ഏഴ് വെടിയുണ്ടകൾ തുടങ്ങിയവയാണ് പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ഇതിന്റെ ചിത്രങ്ങളും യുപി പോലീസ് പുറത്തുവിട്ടു. പത്തനംതിട്ട, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായ അൻസാദ് ബദറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർ.നാല് എടിഎം കാർഡുകളും പാൻ കാർഡുകളും പണവും പെൻഡ്രൈവും മെട്രോ കാർഡും അടക്കമുളള വസ്തുക്കളും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തെ മതസൗഹാർദ്ദം തകർക്കാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഗൂഢാലോചന നടത്തുന്നതായി യുപിയിലെ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുളളവരെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതായും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉൾപ്പെടെ ഇവർ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

രാജ്യത്തെ പ്രമുഖ ഹിന്ദു സംഘടനാ നേതാക്കളെയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നതെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. മുന്നറിയിപ്പ് ലഭിച്ചതോടെ ജാഗ്രത പാലിച്ച പോലീസിന് ഫെബ്രുവരി 11 ന് സംശയകരമായ സാഹചര്യത്തിൽ ചിലർ യുപിയിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന സജീവമാക്കിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.എന്നാൽ പിന്നാലെ ചൊവ്വാഴ്ച ഇവരുടെ കൂടിക്കാഴ്ചയുടെ വിവരങ്ങൾ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന് ചോർന്നുകിട്ടി. വസന്ത പഞ്ചമി ദിനത്തിൽ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് തീരുമാനമെന്നും വിവരം ലഭിച്ചു. ജനങ്ങളുടെ മനസിൽ ഭയവും തീവ്രവാദ ഭീഷണിയും ഉണ്ടാക്കുകയായിരുന്നു ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടത്. ഒപ്പം സാമൂഹ്യ മത സൗഹാർദ്ദം തകർക്കാനും പദ്ധതിയുണ്ടായിരുന്നു.ശാരീരിക ക്ഷമതയുളള ചെറുപ്പക്കാരെ കണ്ടെത്തി കായിക പരിശീലനം നൽകുകയും അവരെ ബ്രെയിൻവാഷ് ചെയ്ത് ഉപയോഗിക്കുകയുമാണ് ലക്ഷ്യമെന്ന് അറസ്റ്റിലായ ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ലക്‌നൗ സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.