ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

"ആഗോള സാമ്പത്തിക സംവിധാനത്തെ തകർക്കാൻ ഞങ്ങൾ എന്തിന് ആഗ്രഹിക്കണം? ആളുകൾക്ക് തിരുത്താനുള്ള അവസരം നൽകേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. എന്നാൽ നടപടികൾ വളരെ വേഗത്തിൽ ഉണ്ടാകുമെന്നും ഞങ്ങൾ ഗൗരവത്തിലാണെന്നും അവർ മനസ്സിലാക്കണമെന്നും'

തെഹ്റാൻ| ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്യങ്ങൾക്കുള്ള കർശന മുന്നറിയിപ്പ്. എന്നാൽ അമേരിക്കൻ ട്രഷറി വകുപ്പ് പുതിയ വലിയ പിഴകളോ ഉപരോധങ്ങളോ തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിൽ നേരിട്ട് ഏർപ്പെടുത്തിയില്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങൾക്കെതിരെ അമേരിക്ക ‘സാമ്പത്തിക ആക്രമണം’ ആരംഭിക്കുകയാണെന്നായിരുന്നു അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റിൻ്റെ പ്രഖ്യാപനം.’ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്നാണ് ഉപരോധ നടപടികൾക്ക് അമേരിക്ക നൽകിയിരിക്കുന്ന പേര്. ഇറാനുമായി ഇടപാടുകൾ പാടില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് രാഷ്ട്രനേതാക്കളെ വിളിച്ച് ആവശ്യപ്പെടുമെന്നും സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്കോട്ട് ബസന്‍റ് പറഞ്ഞു. സമാധാനചർച്ചകളിൽ സഹകരിക്കാനായി ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് അമേരിക്കൻ നീക്കം.

“ആഗോള സാമ്പത്തിക സംവിധാനത്തെ തകർക്കാൻ ഞങ്ങൾ എന്തിന് ആഗ്രഹിക്കണം? ആളുകൾക്ക് തിരുത്താനുള്ള അവസരം നൽകേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. എന്നാൽ നടപടികൾ വളരെ വേഗത്തിൽ ഉണ്ടാകുമെന്നും ഞങ്ങൾ ഗൗരവത്തിലാണെന്നും അവർ മനസ്സിലാക്കണമെന്നും’ വാർത്താസമ്മേളനത്തിൽ സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി. എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നോ പുതിയ ഉപരോധങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ സ്കോട്ട് ബെസൻ്റ് വ്യക്തമാക്കിയിട്ടില്ല. 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്‌ക്കെതിരെയാണ് അമേരിക്കൻ ട്രഷറി വകുപ്പ് പുതിയതായി ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇറാന്റെ എണ്ണ വ്യാപാരത്തിന് സഹായം നൽകുന്നതായി സംശയിക്കുന്ന ചൈനീസ് ധനകാര്യ സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ചൈനയും തുർക്കിയും യുഎഇയുമായി ഇറാൻ്റെ പ്രധാന വ്യാപാര പങ്കാളികൾ.കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈന. ചൈന ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തടയാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കിയിട്ടുണ്ടെങ്കിലും ചൈനീസ് ബാങ്കുകൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഇതുവരെ അമേരിക്ക പിന്നോട്ടായിരുന്നു. ചൈനീസ് ബാങ്കിനെതിരെ നടപടിയെടുക്കാൻ ട്രഷറി വകുപ്പ് ഇപ്പോൾ തയ്യാറാണോ എന്ന വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് ഒരു രാജ്യവും അമേരിക്കൻ ഉപരോധത്തിന്റെ പരിധിക്ക് പുറത്തല്ലെന്നും ബെസൻ്റ് വ്യക്തമാക്കി. ഇറാന്റെ എണ്ണയെ പണമായി മാറ്റുന്ന സംവിധാനത്തിന്റെ ഭാഗമാകുകയും ഇടപാടുകൾക്ക് സഹായം നൽകുകയും ചെയ്യുന്നവർ ലക്ഷ്യമാക്കപ്പെടുമെന്നും ബെസൻ്റ് കൂട്ടിച്ചേർത്തു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിലെ ഡിജിറ്റൽ ആസ്തികൾ, സ്വർണം, സാങ്കേതികവിദ്യ, വ്യോമയാനം, കപ്പൽഗതാഗതം എന്നീ അഞ്ച് മേഖലകളിലേക്കാണ് സെക്കൻഡറി ഉപരോധത്തിന്റെ പരിധി വ്യാപിപ്പിക്കുന്നതെന്ന് ബെസന്റ് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ഒരു ധനകാര്യ സ്ഥാപനത്തിനെതിരെ വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. എന്നാൽ ഏത് സ്ഥാപനത്തിനെതിരെയാണ് നടപടിയെന്ന കാര്യത്തിൽ ബെസൻ്റ് പ്രതികരിച്ചില്ല.

You might also like

-