അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു പ്രസിഡന്‍റ് ട്രംപ്

രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് എല്ലാ തരത്തിലും വലിയൊരു തിരിച്ചുവരവിനൊരുങ്ങുന്നു എന്ന പ്രസിഡന്‍റിന്‍റെ പ്രസ്താവന എത്തുന്നു എന്നതും ശ്രദ്ധേയമാണ്.

0

ന്യൂയോർക്ക്: അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ‘വളരെ വലിയ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞങ്ങൾ… പലവിധത്തിൽ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. തൊഴിൽ സാധ്യതകൾ മികച്ചതായി.. ഓരോ ആഴ്ചയിലും തൊഴിലവസരങ്ങൾ കൂടുകയാണ്.. സാമ്പത്തികമായും മികച്ച ഒരു മടങ്ങിവരവ് തന്നെയാണ് നടത്തുന്നത്.. ഫെഡറൽ റിസർവില്‍ നിന്നും നല്ല വാർത്തകൾ വരുന്നു… എല്ലാം നല്ല രീതിയിൽ പോകുന്നു എന്നാണ് വൈറ്റ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് അറിയിച്ചത്.

രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് എല്ലാ തരത്തിലും വലിയൊരു തിരിച്ചുവരവിനൊരുങ്ങുന്നു എന്ന പ്രസിഡന്‍റിന്‍റെ പ്രസ്താവന എത്തുന്നു എന്നതും ശ്രദ്ധേയമാണ്. വേൾഡോമീറ്റർ കണക്കുകൾ പ്രകാരം 2,066,401 പേർക്കാണ് യുഎസിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മരണം 115,130 ഉം. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,082 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രോഗവ്യാപനം നിയന്ത്രിക്കാൻ ഇതുവരെ രാജ്യത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കുത്തനെ ഉയരുന്ന രോഗികളുടെ എണ്ണം സൂചിപ്പിക്കുന്നത്. ലോകത്ത് കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളിലൊന്ന് കൂടിയാണ് അമേരിക്ക. ഇവിടെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ട്രംപിന്‍റെ പ്രസ്താവന.

You might also like

-