അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവർക്കൊപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ
കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു
കാലിഫോർണിയ |അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജനയും (35)കോട്ടയം ചിങ്ങവനം സ്വദേശിനിയായ മറ്റൊരു യുവതിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഒരേ ഫ്ലാറ്റിൽ താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ചിങ്ങവനം സ്വദേശിനിയെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം.
അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. മൂന്നു കുടുംബങ്ങളും ഒരേ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്.
അതേസമയം കാലിഫോർണിയയിൽ മലയാളി വനിതകൾ കൊല്ലപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. അയൽക്കാരി കോട്ടയം മൂന്നിലവ് സ്വദേശിനി അനിലയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ജനയെ അനില കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. അതേസമയം ആനിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. അഞ്ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷ് ആണ് ഭർത്താവ്. ഒരു ആറുവയസ്സുകാരി മകളുണ്ട്. കോട്ടയം സ്വദേശിയായ ആനിൻ്റെ ഭർത്താവ് ജേക്കബ് (മിഥുൻ) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള കാർ ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം ഓടിച്ചുപോയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. വാഹനം ഓടിച്ചത് സ്ത്രീയാണെന്നും അവർ വിവരം നൽകി. മിൽപീറ്റസ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ അഞ്ജന മരിച്ചിരുന്നു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ അഞ്ജനയെ ഇടിച്ച കാർ മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നത് പൊലീസ് കണ്ടെത്തി. പിന്നാലെ വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയ ആനിൻ്റെ ഭർത്താവ് ജേക്കബാണ് വീടിനുള്ളിൽ ഭാര്യ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. എന്താണ് കൊലപാതകങ്ങൾക്ക് കാരണം എന്ന് വ്യക്തമല്ല.