ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമ്മിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം

ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തമാകുമെന്ന ആശങ്കയും ഇതോടെ ഉയർന്നു. വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോണിനെ വെടിവെച്ചിട്ടതെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചത്

ടെഹ്‌റാൻ| ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമ്മിത ‘ലൂക്കാസ്’ ആക്രമണ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ സൈന്യം. ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം കൂടുതൽ ശക്തമാകുമെന്ന ആശങ്കയും ഇതോടെ ഉയർന്നു. വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോണിനെ വെടിവെച്ചിട്ടതെന്നാണ് ഇറാൻ ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ, ഖെഷ്ം ദ്വീപിന് തെക്ക് ഭാഗത്തുവെച്ച് അമേരിക്കയുടെ ‘എം.ക്യു-1 പ്രിഡേറ്റർ’ ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു യു.എസ് ഡ്രോൺ കൂടി തകർത്തതായുള്ള ഇറാൻ സൈന്യത്തിന്റെ സ്ഥിരീകരണം വരുന്നത്. ബഹ്‌റൈൻ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നിരവധി ആക്രമണ ഡ്രോണുകൾ തങ്ങളുടെ സൈന്യം ആകാശത്തുവെച്ച് തന്നെ തകർത്തതായി അമേരിക്കൻ സൈന്യം അറിയിച്ച് മണിക്കൂറുകൾക്കകമാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണം. അതേസമയം, ബഹ്‌റൈനിലെ ഷെയ്ഖ് ഇസ വ്യോമതാവളത്തിലുള്ള അമേരിക്കൻ റഡാർ സംവിധാനത്തെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു ഐ.ആർ.ജി.സിയുടെ വാദം. എന്നാൽ, രാജ്യത്തിന് നേരെ വന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെടുത്തിയതായി ബഹ്‌റൈൻ ഭരണകൂടവും അറിയിച്ചു. സൈനിക നീക്കങ്ങൾ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി കനക്കുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

You might also like

-