ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ
ഇതിനിടെ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി.
തിരുവനന്തപുരം| യുഡിഎഫ് അധികാരത്തിലേറി ആറാം മാസത്തിൽ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായി റിപ്പോർട്ട്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഉടൻ നിയമനം വേണ്ടതായതുകൊണ്ടാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ മറുപടി നൽകി. പി.എസ്.സിയിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും ചർച്ച നടന്നില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.
ഇതിനിടെ ഇടപെട്ട കെ. മുരളീധരൻ, താനും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് വിശദീകരിച്ചതോടെ എതിർപ്പുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന് സണ്ണി ജോസഫ് വിമർശനമുയർത്തി. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടതുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ബോർഡ്-കോർപ്പറേഷൻ വിഭജനത്തിൽ ആർ.എസ്.പിക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. കൂട്ടായ ചർച്ചയില്ലെന്ന പരാതി മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ഉയർത്തി. അധികാരത്തിലേറി ആറാം മാസമാണ് മന്ത്രിസഭയിൽ ഇത്തരത്തിൽ അസാധാരണമായ വിമർശനമുണ്ടായത്. വിശാലമായ ചർച്ച നടന്നതോടെ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.
അതേസമയം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ എതിർപ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കി മന്ത്രി കെ മുരളീധരൻ. ഹിന്ദു മന്ത്രിമാർ ഒപ്പിട്ട് ദേവസ്വം അംഗങ്ങളുടെ നിയമന ഉത്തരവിറങ്ങും. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഉടൻ ഇന്നോ നാളെയോ ഉത്തരവ് ഇറങ്ങും. എത്ര മന്ത്രിമാർ ഒപ്പിടും എന്ന് ചോദ്യത്തിന് ക്യാബിനറ്റ് രഹസ്യങ്ങൾ പറയാൻ പറ്റില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഏറിയ പങ്ക് മന്ത്രമാരും മുഖ്യമന്ത്രിക്കെതിരെ നിൽക്കുമ്പോൾ സതീശനെ പിന്തുണയ്ക്കുന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യുഡിഎഫിന് ചരിത്രവിജയമാണ് കേരളത്തിലെ ജനങ്ങള്‍ സമ്മാനിച്ചത്. നിയമസഭയില്‍ 102 സീറ്റുകളുടെ പിന്തുണയോടെ ഭരണത്തില്‍ വലിയ വെല്ലുവിളികളില്ലാതെ മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളില്‍ പ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ചതും ശ്രദ്ധേയമായ തീരുമാനമാണ്. എന്നാല്‍ സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചു. പദ്ധതി സ്വകാര്യ ബസ് മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വയോജന കമ്മീഷന്‍ രൂപീകരിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും വ്യക്തമായ ആക്ഷന്‍ പ്ലാനിനും ഇനിയും പ്രാധാന്യം നല്‍കേണ്ടതുണ്ട്.
ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പ്രതീക്ഷയോടെയാണ് കേരളം കണ്ടത്. അധികാരത്തിലെത്തിയതിന് പിന്നാലെ ഓണറേറിയം 3,000 രൂപ വര്‍ധിപ്പിച്ചെങ്കിലും അടിസ്ഥാന വേതനം 21,000 രൂപയാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇന്‍സെന്റീവ് കുടിശികയും മെഡിക്കല്‍ ലീവ് ആനുകൂല്യങ്ങളും സംബന്ധിച്ച ആവശ്യങ്ങളിലും തീരുമാനമുണ്ടായിട്ടില്ല. ഇതോടെ ആശാ പ്രവര്‍ത്തകര്‍ വീണ്ടും സമരരംഗത്തേക്ക് ഇറങ്ങി. അതേസമയം, ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ സര്‍ക്കാരിന് നേട്ടമായി ഉയര്‍ത്തിക്കാട്ടാനുണ്ട്. കേരള പൊലീസ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ 2026 നവംബര്‍ 13-ലെ കണക്കുപ്രകാരം പദ്ധതിയുടെ ഭാഗമായി 14,995 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16,203 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 29.86 കിലോ എംഡിഎംഎ, 2,022.686 കിലോ കഞ്ചാവ്, 732.6 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തു. എന്നാല്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ പിടിയിലാകുമ്പോള്‍ ആഭ്യന്തര വകുപ്പ് നടപടികളില്‍ വിമുഖത കാണിക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനം സര്‍ക്കാരിന് തലവേദനയായി. വിഴിഞ്ഞം തുറമുഖത്തുനിന്നുള്ള കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതും 400 കോടി രൂപയുടെ മിഷന്‍ സമുദ്ര പദ്ധതിയും സര്‍ക്കാരിന്റെ പ്രധാന വികസന നേട്ടങ്ങളാണ്. 10,000 പുതിയ എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കാനും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ അല്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ ഇത്തരം പദ്ധതികളില്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം