നേപ്പാലിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 3000 ലധികം പേരെ ഇപ്പോഴും കാണാനില്ല
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
കാഠ്മണ്ഡു| നേപ്പാലിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 3000 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. നേപ്പാളിൽ ഉണ്ടായിരുന്ന തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. 9 പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു.
ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും വിദേശകാര്യ മന്ത്രാലയവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ കേന്ദ്രങ്ങൾ വഴി സ്ഥിതിഗതികൾ വിലയിരുത്തി. നേപ്പാളിൽ പ്രളയത്തിൽ കാണാതായ ഏഴ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലും ഊർജിതമായി നടക്കുന്നു. 275 ഇന്ത്യൻ പൗരന്മാരും 128 ഇന്ത്യൻ വംശജരും ഉൾപ്പെടെ നൂറുകണക്കിന് വിദേശികളെക്കുറിച്ചാണ് നിലവിൽ വിവരമില്ലാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൈലാസ് മാനസരോവർ തീർത്ഥാടകരും ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുമാണ് കാണാതായവരിലധികവും.
അതേസമയം രാജ്യത്ത് നാശം വിതച്ച പ്രളയത്തിൽ കണ്ടെടുത്ത തിരിച്ചറിയാത്തതും അവകാശികളില്ലാത്തതുമായ മൃതദേഹങ്ങൾ സംസ്കരിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതിലുള്ള ആശങ്കയും രോഗബാധയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് നടപടി.
ബുധനാഴ്ച രാവിലെയാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രളയമുണ്ടായത്. ഇതുവരെ 675 മൃതദേഹങ്ങളാണ് വീണ്ടെടുത്തിട്ടുള്ളത്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ നേപ്പാളിലെ ചിത്വാൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത് (233 എണ്ണം).
ആശുപത്രികളിൽ ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളുമില്ലാത്തതിനാൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടാണെന്ന് ചിത്വാൻ ജില്ലയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. താൽക്കാലിക കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ അഴുകുന്നതും ദുർഗന്ധം വമിക്കുന്നതും രോഗബാധയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, ശനിയാഴ്ച അധികാരികൾ സംസ്കാര ചടങ്ങുകളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു.