‘കണി കാണും നേരം കമലനേത്രന്റെ’ കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു

കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ

0

കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കയിലൂടെയും ഭീതിയിലും
വിഷു കടന്നു വന്നു . കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു. ആഘോഷ നിറവിൽ നാടും നഗരവും. കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും ഇന്നത്തെ വിഷുദിനവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ. കൊറോണ കാലത്തും വിഷുപ്പുലരിയെ അതിന്റെ തനിമയോടെ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ കഷ്ടപ്പാടുകളും പ്രതിസന്ധികളും ഒഴിഞ്ഞ് ഒരു പുതുപുലരിക്കായി പ്രതീക്ഷയോടെ അവർ കാത്തിരിക്കുന്നു.
മേടം ഒന്നാം തിയതിയാണ് വിഷു. ഇത്തവണ ഏപ്രിൽ 14നാണ്. കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിഷുവിനോട് ചേർന്നു നിൽക്കുന്ന ആഘോഷങ്ങൾ നടക്കാറുണ്ട്. നിരവധി ആചാരങ്ങളാണ് വിഷുവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ളത്. അതിൽ പ്രധാനപ്പെട്ടത്.വിഷുക്കണിയാണ്. വിഷുദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യ കാഴ്ച വിഷുക്കണിയാകണമെന്ന് നിർബന്ധമുണ്ട്.

വിഷുവിന് തലേദിവസം രാത്രി കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് വിഷുക്കണി ഒരുക്കുക. വിഷുപ്പുലരിയിൽ ഉറക്കം തെളിഞ്ഞ് എത്തുന്നത് വിഷുക്കണിക്ക് മുന്നിലേക്കാണ്. കണിക്കൊന്ന വിഷുക്കണിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ്. വിഷുക്കണി കണ്ടു കൊണ്ടാണ് ഓരോരുത്തരുടെയും വിഷു ദിനം ആരംഭിക്കുക. വിഷുക്കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ കൂടെയുണ്ടാകുമെന്നാണ് വിശ്വാസം.

നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്.

കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ, നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കൾ. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും.കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികൾക്ക് കോടി മുണ്ട് പോലെ പുത്തനാണ്.

ലോകത്തെ നടുക്കിയ കൊറോണയുടെ ദുരന്തമുഖത്തും മലയാളി പാരമ്പര്യനന്മകളുടെ പതറാത്ത മനസ്സ് കാത്തുസൂക്ഷിച്ചാണ് വീണ്ടുമൊരു വിഷുക്കാലം ആഘോഷിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനുള്ള ആത്മബലത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ് മലയാളിയ്ക്ക് വിശുദ്ധിയുടെ ഈ ദിനം. പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയുടെ വിഷുകണിയൊരുക്കി എല്ലാം ശുഭകരമാകുന്ന നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. ഈ കൊറോണകാലം ഒരുമിച്ച് അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയിൽ.

എല്ലാ മലയാളികൾക്കും ഇന്ത്യവിഷൻ മീഡിയയുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.