“ആദ്യം പ്രതികളെ പിടിക്കട്ടെ ” സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു

കടുത്ത പ്രതിഷേധം ഉണ്ടെന്ന് യുഡിഎഫ് പറയുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു,സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്

0

കണ്ണൂര്‍: ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങളുണ്ടായ കണ്ണൂരിൽ ജില്ലാ ഭരണകൂടം വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നത്. കടുത്ത പ്രതിഷേധം ഉണ്ടെന്ന് യുഡിഎഫ് പറയുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു,സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. അതേസമയം 10 ലീഗ് പ്രവര്‍ത്തകരെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത് തല്ലിച്ചതച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും ലോക്കപ്പിലിട്ടു. പൊലീസ് കൊലയാളികളെ പിടികൂടുന്നില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു

സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറാണ്. പക്ഷെ അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ വൈകീട്ട് നടന്ന അക്രമ സംംഭവങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് മര്‍ദ്ദനത്തിലും നേതാക്കൾ കടുത്ത അമര്‍ഷവും രേഖപ്പെടുത്തി. പത്താംക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്ത്ഥിയെ പോലും പൊലീസ് വെറുതെ വിട്ടില്ലെന്നും ആരോപണം ഉണ്ട്

ലീഗ് പ്രവര്‍ത്തകനായ 21 വയസുകാരൻ മൻസൂറിന്‍റെ കൊലപാതകം നടന്ന് നാൽപ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്‍റെ കയ്യിൽ ഇപ്പോഴും ഉള്ളത്. മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയാണ് പൊലീസ് . അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

വൈകാരികമായാണ് യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. ഉമ്മയുടെയും ഉപ്പയുടെയും മുന്നിലിട്ടാണ് 21 വയസ്സുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയത്. മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ ആക്രമിക്കപ്പെട്ടിട്ടും ഒരു പ്രതിയെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അല്ലാതെ ഒരു പ്രതിയെ പോലും പൊലീസ് പിടികൂടിയില്ല. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് മുതല്‍ ജില്ലാ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

അതേസമയം സമാധാനയോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി തെറ്റാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.ജനങ്ങള്‍ പ്രതീക്ഷയോടെയായിരുന്നു യോഗത്തെ കണ്ടത്. സര്‍വ്വകക്ഷിയോഗത്തെ അപമാനിക്കുന്ന നടപടിയാണ് യു ഡി എഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.യുഡിഎഫ് സമാധാന യോഗം ബഹിഷ്‌കരിച്ചത് അക്രമം നടത്താന്‍ അണികള്‍ക്കുള്ള ആഹ്വാനമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രാദേശികമായി സമാധാനയോഗം ചേരണമെന്ന് സി പി ഐ എം ആവശ്യപ്പെട്ടു. വ്യാപക അക്രമമാണ് ലീഗ് അഴിച്ചുവിട്ടത്. ഓഫീസിന് തീയിട്ട സ്ഥലത്ത് ഡീസല്‍ ഓയിലിന്റെ ഒഴിഞ്ഞ ബോട്ടിലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദീര്‍ഘനേരം തീ കത്താനാനാണ് ഡീസല്‍ ഓയില്‍ ഉപയോഗിച്ചത്. അക്രമത്തിന് പിടിയിലായ ലീഗ് പ്രവര്‍ത്തകര്‍ പുറത്ത് നിന്നും എത്തിയവര്‍ആസൂത്രിത ഗൂഢാലോചന നടന്നു എന്നതിന്റെ തെളിവാണിത്.

കൊലപാതകം നടത്തിയവരെയും അക്രമം നടത്തിയവരെയും ഉടന്‍ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അക്രമം പടരാനുള്ള കാരണമായി യുഡിഎഫ് ബഹിഷ്‌കരണം മാറരുതെന്ന് കണ്ണൂര്‍ കലക്ടര്‍ അറിയിച്ചു.പ്രാദേശിക തലത്തില്‍ സമാധാനയോഗം ചേരുമെന്നും ലീഗ്- സിപിഐ എം ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാധ്യത തേടുമെന്നും കലക്ടര്‍ അറിയിച്ചു.പാനൂരില്‍ മരിച്ച ലീഗ് പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടതിനു പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു.